ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിലെന്ന് സൂചന. കൊലപാതകം സംബന്ധിച്ച് അറിവുള്ളവരാണ് പിടിയിലായതെന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത ഇവരെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. കേസിലെ മറ്റ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ഇവരിൽ നിന്ന് ലഭിച്ചേക്കുമെന്നാണ് വിവരം.
അക്രമിസംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് ബൈക്കുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മണ്ണഞ്ചേരി ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കുകൾ കൊലപാതകത്തിന് ഉപയോഗിച്ചതാണോ എന്ന പരിശോധനയിലാണ് അന്വേഷണ സംഘം. പൊന്നാട് പള്ളിമുക്ക് പോസ്റ്റ് ഓഫിസിന് സമീപം ഒരു വീടിന്റെ മുന്നിലെ പറമ്പിൽ ഉപേക്ഷിച്ച നിലയിലാണ് ബൈക്ക് കണ്ടെത്തിയത്.
കൊല്ലപ്പെട്ട എസ്.ഡി.പി.ഐ നേതാവ് അഡ്വ.കെ.എസ്. ഷാനിൻെറ വീട്ടിൽ നിന്നും 200 മീറ്റർ സമീപമാണ് ഈ സ്ഥലം. ടി.വി.എസ് റേഡിയൻ ബൈക്ക് തിങ്കളാഴ്ച രാത്രിയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. രാത്രി തന്നെ ഡി.വൈ.എസ്.പിയുടേ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. സ്ഥലം സീൽ ചെയ്തു. ബൈക്ക് മണ്ണഞ്ചേരി സ്വദേശി സുധീറിന്‍റെ പേരിൽ ആലപ്പുഴയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. താൽകാലിക ആവശ്യത്തിന് സുഹൃത്തിന് ബൈക്ക് കൈമാറിയിരുന്നതായും തിരികെ ലഭിച്ചില്ലെന്നുമാണ് സുധീറിന്‍റെ കുടുംബം പൊലീസിന് നൽകിയ മൊഴി.
ഷാനിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെച്ച ഗ്രൗണ്ടിന് സമീപമാണ് ബൈക്ക് നിർത്തിയിട്ടിരുന്നത്.മറ്റൊരു ബൈക്ക് കോഴിക്കോട് രജിസ്ട്രേഷനുള്ളതാണ്.കേസിൽ 12 പ്രതികളുണ്ടെന്നും ഒമ്പതുപേർ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പൊന്നാട് കാവച്ചിറവീട്ടിൽ രാജേന്ദ്രപ്രസാദ് (പ്രസാദ് -39), കാട്ടൂർ കുളമാക്കിവെളിയിൽ രതീഷ് (കുട്ടൻ -31) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊലയാളി സംഘത്തില്‍ 10 പേരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് സംശയിക്കുന്ന അഞ്ചുപേർ ഒളിവിലാണ്.ഷാൻ, രഞ്ജിത് കൊലപാതകങ്ങളുടെ അന്വേഷണ ഭാഗമായി മറ്റ് അന്വേഷണച്ചുമതലകളിൽ ജില്ലക്ക് പുറത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ച് നിയോഗിച്ചു. എട്ടു പേർ വീതമുള്ള നാല് അന്വേഷണ സംഘങ്ങളായി 32 ഉദ്യോഗസ്ഥരെ പ്രതികൾ സഞ്ചരിച്ച വഴി കണ്ടെത്തി പ്രതികളെ തിരിച്ചറിയാൻ നിയോഗിച്ചു.
ഇവർ സി.സി.ടി.വി ദൃശ്യങ്ങളുടെയും ഫോൺകാൾ വിവരങ്ങളുടെയും മൊബൈൽ ഫോൺ ടവർ ലൊക്കേഷന്‍റെയും വിവരങ്ങൾ ശേഖരിച്ച് എത്രയും വേഗം പ്രതികളെ തിരിച്ചറിയാനാണ് നിർദേശം. ഈ സംഘങ്ങൾക്ക് പുറമെ, മുൻകാലങ്ങളിൽ കുറ്റാന്വേഷണ മികവ് പ്രകടിപ്പിച്ച ക്രൈം സ്ക്വാഡ് അംഗങ്ങളെ എ.ഡി.ജി.പിയുടെ നേരിട്ടുള്ള അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി പ്രത്യേക സംഘവും രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.