പുനലൂർ: പാവൂർഛത്രത്തിൽ റെയിൽവേ ഗേറ്റ് കീപ്പറായ മലയാളി യുവതിയെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. തെങ്കാശി എസ്.പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ കൂടാതെ തമിഴ്നാട് റെയിൽവേ പൊലീസും ആർ.പി.എഫും അന്വേഷണ സംഘത്തെ നിയമിച്ചു. സംഭവസ്ഥലത്തുനിന്ന് അക്രമിയുടേതായി കരുതുന്ന ചെരിപ്പ് ലഭിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ടുദിവസമായി പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്.
കൊല്ലം മുഖത്തല സ്വദേശിനിയായ 32 കാരിയെയാണ് വ്യാഴാഴ്ച രാത്രി എട്ടരയോടെ പാവൂർഛത്രം റെയിൽവേ ഗേറ്റ് റൂമിനുള്ളിൽ അജ്ഞാതൻ ആക്രമിച്ചത്. യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവതി തിരുനെൽവേലിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടിലെത്തി. യുവതിയുടെ സ്വർണം ഉൾപ്പെടെ സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ ബലാത്സംഗമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് വിലയിരുത്തിയാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തതും ബലാത്സംഗശ്രമത്തിനാണ്.
35ഓളം വയസ്സുവരുന്ന താടിവെച്ച യുവാവ് ഷർട്ട് ധരിക്കാതെയാണ് എത്തിയതെന്നും മദ്യപിച്ചിരുന്നതായും യുവതി മൊഴി നൽകിയിട്ടുണ്ട്. സ്ഥലത്തുനിന്ന് ലഭിച്ച ചെരിപ്പിൽ പെയിന്റ് ഉള്ളതിനാൽ നിർമാണ തൊഴിലാളിയാകാമെന്നാണ് ബലമായ സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത് റെയിൽവേപാലം നിർമാണത്തിലുള്ള ഉത്തരേന്ത്യൻ തൊഴിലാളികളെ പലരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂടാതെ, തദ്ദേശീയരായ ചിലരേയും ചോദ്യംചെയ്തിട്ടും സൂചന ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. സമീപമുള്ള സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. മൊബൈൽ ടവറുകളും ക്രിമിനൽ പശ്ചാത്തലമുള്ള പലരുടെയും മൊബൈൽ കോളുകളും പരിശോധിച്ചു വരുന്നു. പീഡനക്കേസിൽ ജയിൽവാസം അനുഭവിച്ചു പുറത്ത് ഇറങ്ങിയവരും നിരീക്ഷണത്തിലാണ്. യുവതിക്ക് നേരെയുള്ള അതിക്രമത്തെ തുടർന്ന് വനിത ജീവനക്കാർ ഒറ്റക്ക് ജോലി ചെയ്യുന്നയിടങ്ങളിൽ റെയിൽവേ സുരക്ഷ ശക്തമാക്കി. ഇത്തരം സ്ഥലങ്ങളിൽ റെയിൽവേ പൊലീസിന്റേയും ആർ.പി.എഫിന്റേയും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.