കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ അഡീഷനല്‍ സെഷന്‍സ് കോടതിയിൽ പൂര്‍ത്തിയായി. 14ന് ജഡ്ജി ജി. ഗോപകുമാര്‍ വിധി പ്രഖ്യാപിക്കും. തിങ്കളാഴ്ച ഫ്രാങ്കോ കോടതിയിലെത്തിയിരുന്നു. രഹസ്യവിചാരണ ആയതിനാൽ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വിലക്കുണ്ട്.
2019 ഏപ്രില്‍ നാലിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2020 സെപ്റ്റംബറിൽ വിചാരണ തുടങ്ങി. കേസിലെ 83 സാക്ഷികളില്‍ 39 പേരെ വിസ്തരിച്ചു. മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ എന്നിവരും സാക്ഷിപ്പട്ടികയില്‍ ഉണ്ടായിരുന്നു. പ്രോസിക്യൂഷന് 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗം ആറ് സാക്ഷികളെ വിസ്തരിച്ചു.
മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ മഠത്തില്‍ 2014 മുതൽ 2016 വരെ കാലയളവില്‍ ജലന്തര്‍ രൂപത ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ പലതവണ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ 2018 ജൂണ്‍ 29നാണ് പൊലീസ് കേസെടുത്തത്.
സെപ്റ്റംബര്‍ 21ന് അറസ്റ്റ് ചെയ്ത് പാലാ സബ്ജയിലിലേക്ക് മാറ്റി. ജാമ്യത്തില്‍ പുറത്തിറങ്ങിയ ഫ്രാങ്കോ, കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല.
ഒരു വര്‍ഷം കഠിനതടവും പിഴയും ശിക്ഷയും വരുന്ന അന്യായമായി തടഞ്ഞുവെക്കല്‍ (342), അഞ്ചു മുതല്‍ 10 വര്‍ഷം വരെ കഠിനതടവ് വരുന്ന അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക ദുരുപയോഗം (376(സി)(എ), 10 വര്‍ഷത്തില്‍ കുറയാത്ത തടവും ജീവപര്യന്തം വരെ തടവും പിഴയും വരുന്ന പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം (377), ഏഴുവര്‍ഷം കഠിനതടവ് ലഭിക്കാവുന്ന ഭീഷണിപ്പെടുത്തല്‍ (506(1)), 10 വര്‍ഷത്തില്‍ കുറയാത്ത തടവും ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വരാവുന്ന, മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍ (376)(2)(കെ), 10 വര്‍ഷത്തില്‍ കുറയാത്ത തടവുമുതല്‍ ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയും ശിക്ഷ വരുന്ന ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്യല്‍ (376(2)(എന്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ബിഷപ്പിനെ വിചാരണ ചെയ്തത്.
സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ. ബാബു, സുബിന് കെ. വര്‍ഗീസ് എന്നിവര്‍ പ്രോസിക്യൂഷനുവേണ്ടിയും ബി. രാമന്‍പിള്ള, സി.എസ്. അജയന് എന്നിവര്‍ പ്രതിഭാഗത്തിനുവേണ്ടിയും കോടതിയില്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.