പാരീസ്: ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവായ ഫ്രഞ്ച് നീന്തൽ താരം യാനിക് ആഗ്നലിനെതിരെ ബലാത്സംഗ പരാതി. 15കാരിയെ ബലാത്സംഗം ചെയ്തതായി പരാതി ഉയർന്നതിനെ തുടർന്ന് 2012 ലണ്ടൻ ഒളിമ്പിക്സിൽ ഇരട്ട സ്വർണം നേടിയ ആഗ്നലിനെതിരെ അന്വേഷണം ആരംഭിച്ചതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച പാരീസിൽ നിന്ന് അറസ്റ്റിലായ 29കാരൻ പൊലീസ് കസ്റ്റഡിയിലാണ്. 2016ലാണ് കേസിനാസ്പദമായ സംഭവമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എഡ്വിഗ് റുക്സ് മോറിസോട്ട് പറഞ്ഞു. 2014-2016 കാലത്ത് ആഗ്നലിന്റെ കീഴിൽ പരിശീലനം നടത്തിയ വ്യക്തിയാണ് പരാതി നൽകിയത്. അന്ന് ഒളിമ്പിക് ചാമ്പ്യനായിരുന്ന താരം മൾഹൗസ് സ്വിമ്മിങ് ക്ലബിലെത്തി രണ്ടുവർഷം അവിടെ പരിശീലനം നടത്തിയിരുന്നു.
2010ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 400 മീ. ഫ്രീസ്റ്റൈലിൽ ഫ്രഞ്ച്, ടൂർണമെന്‍റ് റെക്കോഡുകളോടെ സ്വർണം നേടിയാണ് ആഗ്നൽ ശ്രദ്ധയാകർശിച്ചത്. രണ്ടു വർഷത്തിന് ശേഷം ലണ്ടൻ ഒളിമ്പിക്സിൽ 200 മീ. ഫ്രീസ്റ്റൈലിലും 4x100 മീ. ഫ്രീസ്റ്റൈലിലും സ്വർണം നേടിയ ആഗ്നൽ 4x200 മീ. ഫ്രീസ്റ്റൈലിൽ വെള്ളിയും സ്വന്തമാക്കി.
അതേ ഇനങ്ങളിൽ 2013ൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും ആഗ്നൽ സ്വർണം മുങ്ങിയെടുത്തു. 2016ൽ റിയോ ഒളിമ്പിക്സിൽ സ്വർണം നിലനിർത്താൻ സാധിക്കാതെ വന്നതോടെ വിരമിക്കൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.