തൊടുപുഴ: ജില്ലയിലെ ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം തടയാൻ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന തുടങ്ങി. നാലു ദിവസമായി 58 സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. പഴകിയ എണ്ണ വീണ്ടും ഉപയോഗിച്ച രണ്ട് സ്ഥാപനങ്ങൾക്ക് 10,000 രൂപ പിഴ ചുമത്തി. മൂന്ന് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസ് നൽകി. എട്ട് സാമ്പിളുകൾ കൂടുതൽ പരിശോധനക്കായി എടുത്തിട്ടുണ്ട്.
ജില്ലയിൽ നടപ്പാക്കുന്ന റൂക്കോ (റീ പർപ്പസ് യൂസ്ഡ് കുക്കിങ് ഓയിൽ) പദ്ധതിയുടെ ഭാഗമായാണ് പരിശോധന. ബേക്കറി, ബോർമ, ഹോട്ടൽ, തട്ടുകടകൾ എന്നിവിടങ്ങളിലൊക്കെ ഭക്ഷ്യ എണ്ണ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഉപയോഗിച്ച എണ്ണ പലതവണ ചൂടാക്കി ഉപയോഗിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി ശക്തമാക്കിയത്.
വീണ്ടും ഉപയോഗിക്കാൻ സാധിക്കാത്ത എണ്ണ കാറ്ററിങ് യൂനിറ്റുകൾ, ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽനിന്ന് ശേഖരിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. ജില്ലയിൽ ട്രൈക്കോയുടെ നേതൃത്വത്തിലാണ് യൂസ്ഡ് എണ്ണകൾ ശേഖരിക്കുന്നത്. ഈ പദ്ധതി പ്രകാരം സ്ഥാപനങ്ങളിൽനിന്ന് ഒരു നിശ്ചിത തുക നൽകി പുനരുപയോഗ യോഗ്യമല്ലാത്ത എണ്ണ ശേഖരിക്കുകയും അത് ഭക്ഷ്യസുരക്ഷ അതോറിറ്റിയുമായി കരാറിൽ ഏര്‍പ്പെട്ടിട്ടുള്ള ബയോഡീസൽ കമ്പനികൾക്ക് നൽകുകയുമാണ് ചെയ്യുന്നത്. പുനരുപയോഗ യോഗ്യമല്ലാതെ പുറംതള്ളിയ എണ്ണയുടെ കണക്ക് രേഖപ്പെടുത്തിയ രജിസ്റ്ററും എണ്ണ ശേഖരിക്കുന്ന ഏജൻസിയെ സംബന്ധിച്ച വിവരങ്ങളും സ്ഥാപനങ്ങളിൽ സൂക്ഷിക്കണമെന്നും സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തൊടുപുഴ, അടിമാലി, കട്ടപ്പന, നെടുങ്കണ്ടം, പീരുമേട് എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരായ എം.എൻ. ഷംസിയ, ബൈജു പി. ജോസഫ്, ആൻമേരി ജോൺസൺ, എസ്. പ്രശാന്ത് എന്നിവർ പങ്കെടുത്തു.
പഴകിയ എണ്ണ ഉപയോഗിച്ചാൽ കൈയോടെ പൊക്കും
തൊടുപുഴ: പഴകിയ എണ്ണ ഉപയോഗിച്ചാൽ സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധിക്കാനുള്ള സംവിധാനം ജില്ലയിലും. ഇതിനായി ടി.പി.സി എന്ന ഉപകരണം ജില്ലയിലെ ഭക്ഷ്യസുരക്ഷ സർക്കിളുകൾക്ക് ഉടൻ വിതരണം ചെയ്യും.
സ്ഥാപനത്തിൽ പരിശോധനക്കെത്തുമ്പോൾ അവിടെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എണ്ണയിൽ ഈ ഉപകരണം മുക്കിവെക്കുമ്പോൾ റീഡിങ് രേഖപ്പെടുത്തും. എണ്ണയുടെ ഗുണനിലവാരം റീഡിങ്ങിലൂടെ കണ്ടെത്താൻ കഴിയും. പരിശോധനക്കായി പ്രത്യേക സ്ക്വാഡും രൂപവത്കരിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാൻ എണ്ണ പലതവണ ചൂടാക്കി ഉപയോഗിക്കുന്നത് അർബുദം പോലെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്.
പുനരുപയോഗം നടത്താതെ ഇത്തരത്തില്‍ സ്ഥാപനങ്ങളില്‍നിന്നും ഒഴിവാക്കുന്ന ഭക്ഷ്യ എണ്ണ ഭക്ഷ്യ ഇതര ഉപയോഗത്തിനെന്ന് ധരിപ്പിച്ച് വാങ്ങുന്നവര്‍വഴി വീണ്ടും ഭക്ഷ്യ യൂനിറ്റുകളില്‍ എത്തുന്നതായി ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി കടുപ്പിച്ചത്. ഇത്തരത്തിലുള്ള എണ്ണയുടെ കൈമാറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.