കോഴിക്കോട്: മലയാളി വ്ലോഗർ റിഫ മെഹ്നുവിന്റെത് ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. റിഫ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ബന്ധുക്കൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയിരുന്നു.
റിഫയുടെ കഴുത്തിൽ കണ്ട പാടുകളും ദുരൂഹത വർധിപ്പിച്ചിരുന്നു. എന്നാൽ ഈ പാട് തൂങ്ങി മരിച്ചപ്പോൾ കയർ കുരുങ്ങി ഉണ്ടായതാണെന്നും തൂങ്ങി മരണം ഉറപ്പിക്കുന്നതാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇനി ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
ദുബൈയിൽ വെച്ചാണ് റിഫ മരിച്ചത്. അവിടെ പോസ്റ്റ് മോർട്ടം നടത്തിയെന്നായിരുന്നു ഭർത്താവ് മെഹ്നാസ് പറഞ്ഞത്. എന്നാൽ പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. ഇതോടെ ദുരൂഹത വർധിച്ചതിനെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കുടുംബം തീരുമാനിച്ചത്.
അതേസമയം, മെഹ്നാസിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ് പറയുന്നു. മെഹ്നാസിനെതിരെ
ശാരീരിക, മാനസിക പീഡനത്തിനും ആത്മഹത്യാ പ്രേരണക്കും കേസെടുത്തിട്ടുണ്ട്.
അന്വേഷണ സംഘത്തിനു മുന്നിൽ മെഹ്നാസ് ഇതുവരെയും ഹാജരായിട്ടില്ല. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ മെഹ്നാസ് നൽകിയ മുൻകൂർ ജാമ്യ ഹരജി ഈ മാസം 20ന് കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.