പൂനെ: പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ബസ് യാത്രക്കാരിൽ നിന്ന് 1.2 കോടി രൂപ കവർന്ന മൂന്ന് പേർ അറസ്റ്റിലായി. ഷിരൂർ സ്വദേശികളായ രാമദാസ് ഭോസ്ലെ, തുഷാർ ടാംബെ, ഭരത് ബംഗാർ എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് മൂന്നിന് പൂനെ-സോലാപൂർ ഹൈവേയിൽ ട്രാൻസ്പോർട്ട് ബസ് തടഞ്ഞ മൂവർ സംഘം കൊറിയർ കമ്പനി ജീവനക്കാരിൽ നിന്ന് കോടിയിലേറെ രൂപ തട്ടിയെടുക്കുകയായിരുന്നു.
ലാത്തൂരിൽ നിന്ന് മുംബൈയിലേക്ക് സഞ്ചരിച്ച ബസിലായിരുന്നു കൊറിയർ കമ്പനി ജീവനക്കാർ പണം കൊണ്ടുപോയിരുന്നത്. പണം അനധികൃതമായി കടത്തുകയാണെന്നാരോപിച്ച് പ്രതികൾ കൊറിയർ കമ്പനിക്കാരെ മർദിക്കുകയും കൈവശമുണ്ടായിരുന്ന പണവും സ്വർണാഭരണങ്ങളും കവർന്ന് സ്ഥലം കാലിയാക്കുകയായിരുന്നു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം പൊലീസ് പരാതിക്കാരുടെ സഹായത്തോടെ പ്രതികളുടെ രേഖാചിത്രം തയാറാക്കി. ഖരാദി ബൈപാസ് ഭാഗത്ത് വെച്ചാണ് അറസ്റ്റിലായത്. പ്രതികൾ സ്ഥലം വിടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
85 ലക്ഷം രൂപയും ഏഴുലക്ഷത്തിന്‍റെ സ്വർണവും കരിമ്പ് പാടത്ത് വെച്ചാണ് പൊലീസ് കണ്ടെത്തിയത്. പ്രതികളുടെ കാർ, രണ്ട് ബൈക്കുകൾ, രണ്ട് മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. കൊറിയർ കമ്പനി ജീവനക്കാർ ആരെങ്കിലും കേസുമായി ബന്ധപ്പെട്ട് കിടക്കുന്നണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.