വടക്കഞ്ചേരി: പന്നിയങ്കര ചുവട്ടുപാടത്ത് ദമ്പതികളെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന സംഭവത്തിൽ രണ്ടു പ്രതികൾകൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ്. കഴിഞ്ഞ ദിവസം പിടിയിലായ തമിഴ്നാട് സ്വദേശികളായ ആറുപേരെ ചോദ്യംചെയ്യൽ തുടരുകയാണ്. പിടിയിലാകാനുള്ള പ്രതികളെ സംബന്ധിച്ച് വിശദവിവരം ലഭിച്ചതായും ഇവരെ വരുംദിവസം കസ്റ്റഡിയിൽ എടുക്കാനാവുമെന്നും പൊലീസ് പറഞ്ഞു.
സേലം സ്വദേശികളായ മൂന്നുപേരും നാമക്കൽ സ്വദേശികളായ മൂന്നുപേരുമാണ് അറസ്റ്റിലായത്. സേലം ചിന്ന ശ്രീരാംപെട്ടി കടത്തൂർ അഗ്രഹാരം കേശവൻ (40), സിംഗഗിരി പനങ്ങാട് പെരിയാണ്ടിപ്പട്ടി പ്രഭു (34), അസ്താംപട്ടി മണക്കാട് അൻപ് നഗർ മുഹമ്മദ് അബ്ദുല്ല (24), നാമക്കൽ സെന്തമംഗലം കൈകാട്ടി എരുമപ്പെട്ടി തമിഴ്ശെൽവൻ (21), ത്രിച്ചൻകാട് സൂരൻപാളയം യമുന റാണി (27), സൂരൻപാളയം യുവറാണി (40) എന്നിവരാണ് വടക്കഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
അന്തർസംസ്ഥാന മോഷണസംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം. ഇവരുടെ പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നാണ് സംശയിക്കുന്നത്. പന്നിയങ്കരയിലെ കവർച്ചക്കു ശേഷം സേലത്തേക്ക് കടന്ന ഇവരെ പൊലീസ് പിന്തുടർന്നിരുന്നു. സേലത്ത് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത് മധുര ജയിലിൽ റിമാൻഡിലായിരുന്ന ഇവരെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
ഒക്ടോബർ 11 വരെയാണ് കസ്റ്റഡിയിലുണ്ടാവുക. ഇവർ കവർന്ന സ്വർണം ഈറോഡിൽ വിൽപന നടത്തിയെന്നാണ് പറയുന്നത്. തെളിവെടുപ്പിനും തുടരന്വേഷണത്തിനും ശേഷം പ്രതികളെ കോടതിയിൽ ഹാജറാക്കും. നിരവധി മോഷണ കേസുകൾ ഇവരുടെ പേരിലുണ്ട്.
സെപ്റ്റംബർ 22നാണ് ചുവട്ടുപാടത്തെ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പുതിയേടത്ത് വീട്ടിൽ സാം പി. ജോൺ, ഭാര്യ ജോളി എന്നിവരെ ആക്രമിച്ച് കെട്ടിയിട്ട് 25 പവൻ സ്വർണവും 10,000 രൂപയും കവർന്നത്. ആലത്തൂർ ഡിവൈ.എസ്.പി ആർ. അശോകൻ, വടക്കഞ്ചേരി സി.ഐ എ. ആദംഖാൻ, എസ്.ഐ കെ.വി. സുധീഷ്കുമാർ, എ.എസ്.ഐ ബിനോയ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഗോപകുമാർ, അനന്തകൃഷ്ണൻ, സിന്ധു, സിവിൽ പൊലീസ് ഓഫിസർ റഷീദ്, സ്പെഷൽ സ്ക്വാഡ് എസ്.ഐ ജലീൽ, എ.എസ്.ഐ സുനിൽകുമാർ, അംഗങ്ങളായ റഹീം മുത്തു, യു. സൂരജ്ബാബു, കൃഷ്ണദാസ്, ദിലീപ്, വിനീഷ്, ഷനോസ് എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.