പുന്നയൂര്‍ക്കുളം: വിവരാവകാശ പ്രവര്ത്തകന് തൃപ്പറ്റ് ശ്രീജിത്തിനെ (40) ഹോട്ടലിൽ കയറി ആക്രമിച്ച് കാല് തല്ലിയൊടിച്ചത് ക്വട്ടേഷൻ സംഘം. ഒരാള്‍ അറസ്റ്റില്‍. എറണാകുളം പച്ചാളം കുന്നത്തുപറമ്പില്‍ രജീഷാണ് (35) അറസ്റ്റിലായത്. അക്രമി സംഘത്തിലെ മറ്റ് രണ്ടുപേരെയും ക്വട്ടേഷന്‍ നല്കിയ ആളെയും പിടികൂടാനുണ്ട്.
കഴിഞ്ഞമാസം 16ന് രാവിലെയാണ് തൃപ്പറ്റിൽ ശ്രീജിത്തിെൻറ ചായക്കടയില്‍ ചായ കുടിക്കാനെന്ന വ്യാജേനയെത്തി കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചത്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് കാലിന് സാരമായി പരിക്കേറ്റ ശ്രീജിത്ത് ചികിത്സയിലാണ്. പ്രതികളെ തേടി ഇരുനൂറോളം സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. ഗുരുവായൂര്‍ എ.സി.പി കെ.ജി. സുരേഷ് രൂപവത്കരിച്ച അന്വേഷണ സംഘത്തില്‍ എസ്.ഐ പി.എസ്. അനില്‍, സി.പി.ഒമാരായ രണ്‍ദീപ്, മിഥുന്, ഷൈജു എന്നിവരാണ് ഉണ്ടായിരുന്നത്. നേരത്തേ പ്രാദേശിക ടി.വി ചാനൽ റിപ്പോർട്ടറായിരുന്ന ശ്രീജിത്ത് മണ്ണ്, ഭൂമാഫിയക്കും അനധികൃത കെട്ടിട നിർമാണങ്ങൾക്കുമെതിരെ ശക്തമായി പ്രവർത്തിച്ചിരുന്നു.
ഒട്ടേറെ അനധികൃത നിർമാണങ്ങള്‍, നിലം നികത്തല്‍ എന്നിവക്കെതിരെ ശ്രീജിത്ത് പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നാണ് അനുമാനം. ആര്‍ക്കുവേണ്ടിയാണ് ക്വട്ടേഷന്‍ എന്ന് അറിയില്ലെന്നാണ് പിടിയിലായ രജീഷ് പൊലീസില്‍ നല്കിയ മൊഴി. കൂടെയുണ്ടായിരുന്ന രണ്ടുപേർ പച്ചാളം സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാഴ്ച മുമ്പും ഇതേ സംഘം ഇവിടെ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രജീഷിനെ ആക്രമണം നടത്തിയ സ്ഥലത്തും ശ്രീജിത്തിെൻറ വീട്ടിലും എത്തിച്ച് തെളിവെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.