തിരുവനന്തപുരം: മെഡിക്കൽ കോളജിനുസമീപമുള്ള ലോഡ്ജുകൾ കേന്ദ്രീകരിച്ച് കഞ്ചാവെത്തിച്ച്, ചില്ലറ വിൽപനക്കാർക്ക് കൈമാറി വന്നയാളെ പിടികൂടിയതായി സിറ്റി പൊലീസ് കമീഷണറുമായ ജി. സ്പർജൻകുമാർ അറിയിച്ചു.
പേരൂർക്കട കുടപ്പനക്കുന്ന് പുതുവൽ പുത്തൻവീട്ടിൽ നസറുദ്ദീൻ കോയ തങ്ങളിനെയാണ്(36) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
മെഡിക്കൽ കോളജിന് സമീപമുള്ള ലോഡ്ജുകൾ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് എത്തിച്ച് ഇടനിലക്കാർ മുഖേന ചില്ലറ വിൽപനക്കാർക്ക് എത്തിച്ചുനൽകിയിരുന്ന ഷിബു എന്ന യുവാവിനെ കഴിഞ്ഞ ആഗസ്റ്റിൽ മൂന്നരക്കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു.
ഷിബുവിന്റെ മുഖ്യ കൂട്ടാളിയായിരുന്നു ഇയാൾ. എറണാകുളത്തുള്ള ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും ആന്ധ്രപ്രദേശിൽ നിന്നും വൻതോതിൽ കഞ്ചാവെത്തിച്ച് ചെറിയ കവറുകളിലാക്കി ചില്ലറ വിൽപനക്കാർക്ക് എത്തിക്കുകയാണ് ഇവരുടെ രീതി.
മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ഇത്തരത്തിലുള്ള ലഹരി മരുന്ന് വിൽപന തടയുന്നതിനായി പ്രത്യേക പൊലീസ് സംഘം രൂപവത്കരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് എസ്.എച്ച്.ഒ പി. ഹരിലാലിന്‍റെ നേതൃത്വത്തിൽ എസ്.ഐ പ്രശാന്ത് സി.പി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിമൽ മിത്ര, ബിനു സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.