വർക്കല: ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിലായി. പരവൂർ കല്ലുംകുന്ന് സുനാമി ഫ്ലാറ്റിൽ താമസക്കാരനായ സലിം (52) നെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ 12ന് രാത്രിയിൽ ഇടവ കാപ്പിൽ വടക്കേഭാഗം വീട്ടിൽ പ്രശോഭിനിയുടെ പുരയിടത്തിൽ നിന്ന 22 വർഷം പ്രായമുള്ള ചന്ദനമരമാണ് സലീമും കൂട്ടാളിയും ചേർന്ന് മുറിച്ച് കടത്താൻ ശ്രമിച്ചത്.
വൃദ്ധ ദമ്പതികൾ മാത്രമാണ് വീട്ടിലെ താമസക്കാരെന്ന് മനസിലാക്കിയ ശേഷമാണ് ഇവർ മോഷണം ആസുത്രണം ചെയ്തത്.
ആക്സോ ബ്ലേഡ് ഉപയോഗിച്ച് ചന്ദനമരം മുറിക്കവേ രാത്രിയിൽ സമീപത്തെ കായലിൽ ചൂണ്ടയിടാൻ പോയവരാണ് മോഷണശ്രമം കണ്ടത്. ഇവർ പരിസരവാസിയായ ഒരാളെ ഫോണിലൂടെ വിവരം അറിയിക്കുകയും അയാൾ പൊലീസിനെ വിളിക്കുകയുമായിരുന്നു.
കാപ്പിൽ പ്രദേശത്ത് പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേരിൽ സലീമിനെയാണ് പിടികൂടാനായത്. കൂട്ടാളി ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ കൂട്ടാളിക്കായി അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.