ബദിയടുക്ക: മധൂര്‍ ബന്നൂരിലെ സഞ്ജീവ-സുമതി ദമ്പതികളുടെ മകന് സന്ദീപിനെ (27) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പെര്‍ള കജംപാടിയിലെ ചന്ദ്രന്റെ മകന് പവന്‍രാജിനെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് കജംപാടിയില്വെച്ചാണ് ബൈക്ക് യാത്രക്കിടെ സന്ദീപിന് കുത്തേറ്റത്.
പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് സന്ദീപ് മരിച്ചത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടം ചെയ്തു. കഴുത്തിലേറ്റ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് സന്ദീപിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബദിയടുക്ക എസ്.ഐ കെ.പി. വിനോദ് കുമാറാണ് പ്രതി പവന്‍രാജിനെ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തത്. കേസിന്റെ അന്വേഷണം നടത്തുന്നത് കാസര്‍കോട് സി.ഐ അജിത്കുമാറാണ്. ചൊവ്വാഴ്ച പവന്‍രാജിനെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
സന്ദീപിന്റെ ഇളയമ്മയുടെ മകളെ പവന്‍രാജ് നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നതിനെ ചോദ്യം ചെയ്തതിനാണ് സന്ദീപിനെ കൊലപ്പെടുത്തിയത്. നേരത്തെ ഇതേ പ്രശ്നത്തിന്റെ പേരില്‍ സന്ദീപും പവന്‍രാജും തമ്മില്‍ വാക് തര്‍ക്കമുണ്ടായിരുന്നു. അന്ന് പവന്‍രാജ് സന്ദീപിനെ ഭീഷണിപ്പെടുത്തിയിരുന്നു.
സന്ദീപിന്റെ ഇളയമ്മയുടെ മകന് ഷരുണിന് കജംപാടിയില്‍ പുതിയ വീട് നിര്‍മിക്കുന്ന സ്ഥലത്ത് ഞായറാഴ്ച വൈകീട്ട് സന്ദീപും ഷരുണും ബൈക്കില്‍ പോയിരുന്നു. അപ്പോഴാണ് പവന്‍രാജിനെ കണ്ടത്. ഇതോടെ സന്ദീപും പവന്‍രാജും തമ്മില്‍ വീണ്ടും വാക് തര്‍ക്കത്തിലേര്‍പ്പെട്ടു. പ്രകോപിതനായ പവന്‍രാജ് കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് സന്ദീപിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.