യാംബു: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ശക്തമായ പരിശോധന തുടരുന്നു. സെപ്റ്റംബർ 21 മുതൽ 27 വരെയുള്ള ഒരാഴ്ചക്കുള്ളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് 11,465 പ്രവാസികൾ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷ വിഭാഗങ്ങളുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധന കാമ്പയിനിടയിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
താമസനിയമം ലംഘിച്ച 7,199 പേർ, അതിർത്തി സുരക്ഷച്ചട്ടം ലംഘിച്ച 2,882 പേർ, തൊഴിൽ നിയമലംഘനം നടത്തിയ 1,384 പേർ എന്നിവരാണ് അറസ്റ്റിലായതെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 711 പേർ അറസ്റ്റിലായത്. ഇവരിൽ യമനികൾ 52 ശതമാനവും ഇത്യോപ്യക്കാർ 45 ശതമാനവും മറ്റു വിവിധ രാജ്യക്കാർ 14 ശതമാനവുമാണ്. 42 നിയമലംഘകർ സൗദി അറേബ്യയിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്.
താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരുകയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ടുനിൽക്കുകയും ചെയ്ത 15 പേരും അറസ്റ്റിലായിട്ടുണ്ട്. മൊത്തം 43,772 നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. ഇതിൽ 36,404 പുരുഷന്മാരും 7,368 സ്ത്രീകളുമാണ്.
പിടികൂടിയവരിൽ 38,379 നിയമലംഘകരെ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്തു. 1,704 നിയമലംഘകരെ അവരുടെ യാത്ര റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. 7,922 നിയമലംഘകരെ ഇതിനകം നാടുകടത്തി. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി ഒരു ലക്ഷം റിയാൽ പിഴയും ശിക്ഷ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.