കൊച്ചി: ഹോട്ടലില്‍ ഭക്ഷണം ലഭിക്കാന്‍ വൈകിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട കേസിൽ ഹോട്ടലുടമയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. കെ.പി.ആര് സെക്യൂരിറ്റി സര്‍വിസില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി മനുക്കുട്ടനാണ് (53) കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് എറണാകുളം ലിസി ആശുപത്രിക്ക് സമീപമുള്ള ഉപ്പും മുളകും ഹോട്ടൽ ജീവനക്കാരായ അസം സ്വദേശി ഹച്ചിമദീന് (25), പശ്ചിമ ബംഗാള്‍ സ്വദേശികളായ ജാഫര്‍ ആലം (18), മുഹമ്മദ് അസ്ലം (18), അസിം (28), ഹോട്ടലുടമ കാസർകോട് സ്വദേശി പി.എം. മുഹമ്മദ് അസ്ലം (50) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 25ന് ഉച്ചക്കായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മനുക്കുട്ടനെ ഉപ്പും മുളകും ഹോട്ടലിന് സമീപം വീണ് തലക്ക് പരിക്കേറ്റ് ആദ്യം ലിസി ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ പിറ്റേന്ന് മരിച്ചു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എസ്.എച്ച്.ഒ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഭക്ഷണം വൈകിയതിനെത്തുടര്‍ന്ന് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ മനുക്കുട്ടനും ഹോട്ടല്‍ ജീവനക്കാരുമായി വാക്തർക്കമുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് മരണത്തിലേക്ക് നയിച്ചത്. ഹോട്ടല്‍ ജീവനക്കാര്‍ മനുക്കുട്ടനെ മര്‍ദിക്കുകയും പിടിച്ചുതള്ളിയപ്പോള്‍ ഹോട്ടലിന്റെ വശത്തുള്ള ചവിട്ടുപടിയില്‍ തലയിടിച്ചുവീഴുകയും ചെയ്തു. തലക്ക് പരിക്കേറ്റ് ബോധരഹിതനായ മനുക്കുട്ടനെ ഹോട്ടലുടമയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ജീവനക്കാര്‍ മുന്‍വശത്തുള്ള കാനയുടെ ഭാഗത്തേക്ക് മാറ്റിക്കിടത്തിയശേഷം ഹോട്ടലിനുള്ളിലെ രക്തം കഴുകിക്കളഞ്ഞ് തെളിവ് നശിപ്പിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.