കോഴിക്കോട്: കൊടുവള്ളിയിൽ ഏഴുകിലോയിലേറെ സ്വർണ മിശ്രിതം പിടികൂടിയ കേസിൽ അറസ്റ്റിലായ നാലുപേർ റിമാൻഡിൽ. കൊടുവള്ളി മഹിമ ജ്വല്ലറി ഉടമ മദ്റസ ബസാർ സ്വദേശി പി. മുഹമ്മദ്, സ്വർണ മിശ്രിതം വേർതിരിക്കുന്ന കേന്ദ്രത്തിന്റെ ഉടമ കിഴക്കോത്ത് കച്ചേരിമുക്ക് സ്വദേശി എം.പി. ജയ്സർ, ഇവരുടെ സഹായികളും മലപ്പുറം ചീക്കോട് സ്വദേശികളുമായ കെ. മുഹമ്മദ് റഫീഖ്, കെ. റഷീദലി എന്നിവരെയാണ് കോഴിക്കോട് സി.ജെ.എം കോടതി റിമാൻഡ് ചെയ്തത്.
തിങ്കളാഴ്ച രാവിലെയോടെ കോഴിക്കോട്, കൊച്ചി ഓഫിസുകളിൽ നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ (ഡി.ആർ.ഐ) ജ്വല്ലറിയിലും കൊടുവള്ളിയിലെ ഒരു വീട്ടിലുമാണ് പരിശോധന നടത്തിയത്. വീടിന്റെ ടെറസിൽനിന്ന് ഉരുക്കി വേർതിരിക്കുന്നതിനിടെയാണ് സ്വർണമിശ്രിതം പിടിച്ചത്. 10 ലക്ഷത്തിലധികം രൂപയും അറസ്റ്റിലായവരിൽനിന്ന് പിടിച്ചിട്ടുണ്ട്. പിടികൂടിയ 7.2 കിലോ സ്വർണമിശ്രിതത്തിൽനിന്ന് അഞ്ചുകിലോയോളം സ്വർണം വേർതിരിച്ചെടുക്കാനാവുമെന്നാണ് വിവരം. രഹസ്യ വിവരത്തെതുടർന്നായിരുന്നു പരിശോധന. സ്വർണമിശ്രിതം എവിടെ നിന്നാണ് സംഘത്തിന് ലഭിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ ഡി.ആർ.ഐ അന്വേഷിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.