വ്യാജ തങ്കവിഗ്രഹ കേസിലെ പ്രതികൾ

'20 കോടിയുടെ' വിഗ്രഹം 10 കോടിക്ക്​ വാങ്ങാനെത്തിയത്​ പൊലീസ്; ഏഴു പേർ പിടിയിൽ

പാവറട്ടി (തൃശൂർ): നൂറ്റാണ്ടുകൾ പഴക്കമുള്ളതെന്ന് അവകാശപ്പെട്ട് വ്യാജ തങ്കവിഗ്രഹം വിൽപന നടത്താൻ ശ്രമിച്ച പ്രതികളെ തൃശൂർ സിറ്റി ഷാഡോ പൊലീസും പാവറട്ടി പൊലീസും ചേർന്ന് അറസ്​റ്റ്​ ചെയ്തു. പാവറട്ടി പാടൂർ മതിലകത്ത് അബ്​ദുൽ മജീദ് (65), തിരുവനന്തപുരം തിരുമല തച്ചോട്ട്കാവ് അനിഴം നിവാസിൽ ഗീതാറാണി (63), പത്തനംതിട്ട കളരിക്കൽ ചെല്ലപ്പമണി ഷാജി (38), ആലപ്പുഴ കറ്റാനം പള്ളിക്കൽ വിഷ്ണുസദനം ഉണ്ണികൃഷ്ണൻ (33), എളവള്ളി കണ്ടംപുള്ളി സുജിത് രാജ് (39), തൃശൂർ പടിഞ്ഞാറേകോട്ട കറമ്പക്കാട്ടിൽ ജിജു (45), പുള്ള് തച്ചിലേത്ത് അനിൽകുമാർ (40) എന്നിവരാണ് പിടിയിലായത്.

പാടൂരിലെ ആഡംബര വീട് കേന്ദ്രീകരിച്ച് 20 കോടി മൂല്യമുള്ള വിഗ്രഹം വിൽപനക്ക്​ വെച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് തൃശൂർ സിറ്റി ഷാഡോ പൊലീസ് നടത്തിയ ഓപറേഷനിലാണ് പ്രതികൾ പിടിയിലായത്. തനി തങ്കത്തിൽ തീർത്ത വിഗ്രഹം നൂറ്റാണ്ടുകൾ മുമ്പ് കവടിയാർ കൊട്ടാരത്തിൽനിന്ന്​ മോഷണം പോയതാണെന്നും കൽപറ്റ കോടതിയിൽ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ രണ്ടര കോടി രൂപ കെട്ടിവെച്ചതിനുശേഷം വിട്ടുകിട്ടിയതാണെന്നുമാണ് പ്രതികൾ പറഞ്ഞിരുന്നത്. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ ഇവർ കാണിച്ചിരുന്നു.

20 കോടി രൂപ വില പറഞ്ഞ വിഗ്രഹം, പത്തുകോടി രൂപക്ക്​ വാങ്ങാനെന്ന വ്യാജേന ഇടനിലക്കാർ മുഖാന്തരമാണ് പ്രതികളെ ഷാഡോ പൊലീസ് സമീപിച്ചത്. സ്വർണം പൂശിയ വിഗ്രഹവും വ്യാജമായി തയാറാക്കിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടും കോടതിയിൽനിന്നുള്ള വ്യാജ വിടുതൽ രേഖയും തനി തങ്കമാണെന്ന് വിശ്വസിപ്പിക്കാൻ റീജനൽ ഫോറൻസിക് ലബോറട്ടറിയുടെ വ്യാജ സീൽ പതിപ്പിച്ച രേഖകളും മൂന്ന് ആഡംബര കാറുകളും പൊലീസ് പിടിച്ചെടുത്തു.

ഗീതാറാണിക്കെതിരെ വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം ഈടാക്കിയതിന്​ ഉൾപ്പെടെ വിവിധ പൊലീസ് സ്​റ്റേഷനുകളിൽ നിരവധി തട്ടിപ്പുകേസുകൾ നിലവിലുണ്ട്. ഷാജിക്കെതിരെ തൃശൂർ വെസ്​റ്റ്​ പൊലീസ് സ്​റ്റേഷനിൽ 18 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തതിന് കേസ് നിലവിലുണ്ട്.

പ്രതികളെ അറസ്​റ്റ്​ ചെയ്ത സംഘത്തിൽ പാവറട്ടി എസ്.എച്ച്.ഒ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർ രതീഷ്, ജോഷി, ഷാഡോ പൊലീസ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാഗേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പഴനിസ്വാമി, ടി.വി. ജീവൻ, എം.എസ്. ലിഗേഷ്, വിപിൻദാസ് എന്നിവരാണുണ്ടായിരുന്നത്​.


Tags:    
News Summary - seven people arrested by shadow police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.