കൊടുവള്ളി: ഇൻസ്റ്റഗ്രാം വഴി യുവതികളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കുകയും സ്വർണാഭരണം കവരുകയും ചെയ്ത സംഭവത്തിൽ വയനാട് സ്വദേശിയെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് തരുവണ പരിയാരമുക്ക് സ്വദേശി ഉമറുൽ മുക്താറാണ് (23) ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ കൊടുവള്ളിയിൽ പൊലീസിന്റെ പിടിയിലായത്.
കൊടുവള്ളി സ്വദേശിനിയായ യുവതിയെ കബളിപ്പിച്ച് ഒരു പവനിലധികം തൂക്കം വരുന്ന സ്വർണാഭരണം കവർന്നുവെന്ന പരാതിയിൽ കൊടുവള്ളി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. യുവതിയെ പ്രണയംനടിച്ച് വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ചാണ് പ്രതി സ്വർണാഭരണം കൈക്കലാക്കി മുങ്ങിയത്.
സമാനമായ രീതിയിൽ കുറ്റകൃത്യം നടത്തുന്നയാളുകളെ കേന്ദ്രീകരിച്ചു കൊടുവള്ളി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച നീക്കത്തിലാണ് പ്രതി പിടിയിലാവുന്നത്.
സാമ്പത്തിക പരാധീനതകളുള്ള യുവതികളെ കണ്ടെത്തി സൗഹൃദം സ്ഥാപിക്കുകയും ലൈംഗികമായി ചൂഷണം ചെയ്ത ശേഷം സ്വർണാഭരണം കവർച്ച ചെയ്യുകയുമാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കേരളത്തിന്റെ വിവിധ ജില്ലകളിൽ സമാനമായ രീതിയിൽ ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പലരും മാനഹാനിമൂലം പരാതി കൊടുക്കാത്തതാണ് വീണ്ടും ഇത്തരത്തിലുള്ള കുറ്റകൃത്യം ആവർത്തിക്കാൻ കാരണമാകുന്നത്.
നേരത്തെ വയനാട് അമ്പലവയലിലെ വിധവയോടും മകളോടും സൗഹൃദം സ്ഥാപിച്ച് വീട്ടിലെത്തിയ പ്രതി നാലരപ്പവൻ സ്വർണവും മൊബൈൽ ഫോണും അപഹരിച്ചിരുന്നു.
പാലക്കാട്, മലപ്പുറം ജില്ലകളിലും സമാന രീതിയിൽ നിരവധി യുവതികൾ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊടുവള്ളി ഇൻസ്പെക്ടർ പി. ചന്ദ്രമോഹൻ, എസ്.ഐമാരായ അനൂപ് അരീക്കര, ബേബി മാത്യു, സീനിയർ സി.പി.ഒമാരായ ലിനീഷ്, ഷഫീഖ് നീലിയാനിക്കൽ, ഡ്രൈവർ ജനീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.