'അമാനുഷിക ശക്തി നേടാൻ മനുഷ്യമാംസം കഴിക്കുന്നവരെ അറിയാമെന്ന് ഷാഫി പറഞ്ഞു'

കൊച്ചി: ഇലന്തൂർ നരബലിയിൽ രണ്ട് കൊലപാതകത്തിന് ശേഷവും പ്രതി മുഹമ്മദ് ഷാഫി ഇരകളുടെ മാംസം കൊച്ചിയിലേക്ക് കൊണ്ടുവന്നതായി വിവരം. ഇതേത്തുടർന്ന് കൊച്ചി ഷേണായീസ് തിയറ്ററിന് സമീപമുള്ള ഷാഫിയുടെ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി. ഹോട്ടലിലെ പാത്രങ്ങളും കത്തി, സ്പൂണുകൾ മുതലായവയും ശേഖരിച്ചിട്ടുണ്ട്.

മനുഷ്യമാംസം കഴിക്കുന്ന ചിലരെ തനിക്ക് അറിയാമെന്ന് ഷാഫി പറഞ്ഞതായാണ് കൂട്ടുപ്രതികളായ ലൈലയും ഭഗവൽ സിങ്ങും പൊലീസിനോട് പറഞ്ഞത്. അമാനുഷിക ശക്തി നേടാനായാണത്രെ ഇത്. മാംസം വലിയ പണം നൽകി അവർ വാങ്ങുമെന്നും ഷാഫി പറഞ്ഞിരുന്നു. ഇതിനായാണ് റെഫ്രിജറേറ്ററിൽ മാംസം സൂക്ഷിക്കുകയും ചെയ്തത്.

അതേസമയം, ലൈലയോടും ഭഗവൽസിങ്ങിനോടും ഷാഫി പറഞ്ഞ എല്ലാ കാര്യങ്ങളും വിശ്വസിക്കാൻ പൊലീസ് ഒരുക്കമല്ല. ഷാഫി പല കഥകളും പറയുന്നുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ നാഗരാജു വ്യക്തമാക്കിയിരുന്നു. താൻ മുമ്പ് മറ്റൊരു കൊലപാതകം നടത്തിയിട്ടുണ്ടെന്ന് ഷാഫി ലൈലയോട് പറഞ്ഞിരുന്നു. ഒരു വർഷം മുമ്പ് ഇലന്തൂരിലെ വീട്ടിൽവെച്ചാണ് കൊലപാതകത്തെ കുറിച്ച് ഷാഫി പറഞ്ഞത്. എറണാകുളത്താണ് കൊല നടത്തിയത്. കൃത്യത്തിന് ശേഷം മനുഷ്യമാംസം വിൽപന നടത്തിയതായും പറഞ്ഞു.

നരബലിയെപ്പറ്റി ആലോചിക്കുന്ന ഘട്ടത്തിലാണ് ഷാഫി ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ലൈല പറഞ്ഞു. താൻ മുമ്പ് കൊല നടത്തിയിട്ടുണ്ടെന്ന കാര്യം നിഷേധിക്കുകയാണ് ഷാഫി ചെയ്തത്. ലൈലയെയും ഭഗവൽ സിങ്ങിനെയും വിശ്വസിപ്പിക്കാൻ താൻ പറഞ്ഞ കള്ളമാണിതെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ കൂടുതൽ രക്ത സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി ശേഖരിച്ചു. പത്മയുടെ മക്കളുടെയും സഹോദരിയുടെയും, റോസ്‌ലിയുടെ മകളുടെയും രക്തസാംപിളുകളുമാണു വീണ്ടും ശേഖരിച്ചത്. പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്കു ശരീരഭാഗങ്ങൾ ചേർത്തു വച്ചുള്ള പരിശോധന കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിക്കും.  

Tags:    
News Summary - Shafi said he knows people who eat human flesh to gain superhuman strength

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.