ചെറുതോണി: മൂലമറ്റം വെടിവെപ്പിൽ കൊല്ലപ്പെട്ട സനൽ സാബുവിന് ജന്മനാടിന്‍റെ യാത്രമൊഴി. കീരിത്തോട് പാട്ടത്തിൽ വീട്ടുവളപ്പിൽ നടന്ന സംസ്കാര ചടങ്ങുകളിൽ സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ശനിയാഴ്ച രാത്രി മൂലമറ്റത്തുണ്ടായ വെടിവെപ്പിലാണ് സനൽ കൊല്ലപ്പെട്ടത്. തട്ടുകടയിൽ ഭക്ഷണം തീർന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയും ഇതിനിടെ കൂട്ടുകാരന്‍റെ വീട്ടിൽനിന്ന് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന സ്വകാര്യ ബസ് ജീവനക്കാരനായ സനലിനും സുഹൃത്തിനും മൂലമറ്റം സ്വദേശിയായ ഫിലിപ് മാർട്ടിന്‍റെ വെടിയേൽക്കുകയുമായിരുന്നു. തലക്കും ഹൃദയത്തിനും ഗുരുതര പരിക്കേറ്റ സനൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ മൂലമറ്റം സ്വദേശിയായ സുഹൃത്ത് പ്രദീപ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ ഇപ്പോഴും അപകടനില തരണംചെയ്തിട്ടില്ല. ഞായറാഴ്ച രാത്രി ഏറെ വൈകിയാണ് സനലിന്‍റെ മൃതദേഹം കീരിത്തോട്ടെ വീട്ടിലെത്തിച്ചത്. വീട് സ്ഥിതിചെയ്യുന്ന രണ്ടരസെന്‍റ് ഭൂമി മാത്രമാണ് സനലിന്‍റെ കുടുംബത്തിനുള്ളത്. അതിനാൽ മാതൃസഹോദരന്‍റെ പുരയിടത്തിലാണ് ചിതയൊരുക്കിയത്. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്‍റ് വക്കച്ചൻ വയലിൽ, വൈസ് പ്രസിഡന്‍റ് രാജേശ്വരി രാജൻ, പഞ്ചായത്ത് അംഗങ്ങളായ ടിൻസി തോമസ്, മാത്യു തായങ്കരി, ഇടുക്കി എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി സുരേഷ് കോട്ടക്കകത്ത് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
ഫിലിപ്പിന്‍റെ കൈവശം രണ്ട് തോക്ക്
മൂലമറ്റം: വെടിവെപ്പ് കേസിലെ പ്രതി ഫിലിപ്പിന്‍റെ കൈവശം ഉണ്ടായിരുന്നത് രണ്ട് തോക്കുകൾ. ഒന്ന് വെടിവെക്കാൻ ഉപയോഗിച്ച വിദേശ നിർമിത ഇരട്ടക്കുഴൽ തോക്കും മറ്റൊന്ന് എയർഗണ്ണും. സനലിനെ വെടിവെക്കാൻ ഉപയോഗിച്ച വിദേശനിർമിത തോക്ക് അന്നുതന്നെ കാറിൽനിന്ന് പിടികൂടിയിരുന്നു. മറ്റൊന്ന് ഫിലിപ്പിന്‍റെ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് കണ്ടെടുത്തത്.
വിദേശനിർമിത തോക്കിൽനിന്ന് വെടിയുതിർത്താൽ ഒരേസമയം 60ലധികം ചീളുകൾ വരെ ചിതറിത്തെറിക്കും എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത തിരയും തോക്കും വിശദ പരിശോധനക്ക് അയച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. സനലിനുനേരെ വെടിയുതിർത്ത സമയം സമീപത്ത് കിടന്ന ഓട്ടോറിക്ഷയിൽ മാത്രം പത്തോളം ഷെല്ലുകൾ തെറിച്ചുകൊണ്ടിരുന്നു. പ്രദീപിന്‍റെ തലച്ചോറിൽ പതിച്ച ഒരു ഷെല്ല് പുറത്തെടുക്കാനായിട്ടില്ല. രണ്ട് തോക്കുകൾ കൈവശംവെച്ചത് എന്തിനെന്നും നായാട്ടോ മറ്റോ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കും.
'തന്നെയും മകനെയും മർദിച്ചവർക്കെതിരെയും കേസെടുക്കണം'
മൂലമറ്റം: തന്നെയും മകനെയും മർദിച്ചവർക്കെതിരെയും കേസെടുക്കണമെന്ന് മൂലമറ്റത്ത് ബസ് കണ്ടക്ടറെ വെടിവച്ചുകൊന്ന സംഭവത്തിൽ പിടിയിലായ ഫിലിപ് മാർട്ടിന്‍റെ മാതാവ് ലിസി. മകൻ ഇത്രയും പ്രകോപിതനാകാനുണ്ടായ സാഹചര്യം കൂടി പൊലീസ് അന്വേഷിക്കണം. തന്നെയും മകനെയും ക്രൂരമായി മർദിച്ചു. തട്ടുകടയിൽനിന്ന് അക്രമത്തിനിരയായി വീട്ടിലെത്തിയ ഫിലിപ് തിരികെ കാറിൽ കയറി മടങ്ങാൻ തുടങ്ങുമ്പോഴാണ് പരിക്കേറ്റ വിവരം താൻ അറിയുന്നത്. പിന്നാലെ മകനെ ആശുപത്രിയിലാക്കാൻ ബന്ധുവായ ജിജുവിന്‍റെ സ്‌കൂട്ടറിൽ കയറി അറക്കുളം എ.കെ.ജി കവലയിലെത്തി സംസാരിച്ചു നിൽക്കുമ്പോഴാണ് 50ഓളം പേർ വിവിധ വാഹനങ്ങളിൽ അവിടെ എത്തിയത്. അവർ തന്നെ തള്ളി താഴെയിടുകയും ഫിലിപ്പിനെ ആക്രമിക്കുകയും കാർ തകർക്കുകയും ചെയ്തു. എന്തിനാണ് ആക്രമിക്കുന്നതെന്ന് ഫിലിപ് അവരോട് ചോദിക്കുന്നുണ്ടായിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ട ഫിലിപ് തിരികെ വന്ന് വെടിവെച്ചന്ന് പറയുന്നുണ്ടെങ്കിലും താൻ കണ്ടിട്ടില്ല. എന്നാൽ, വെടിയൊച്ച കേട്ടിരുന്നു. മകന്‍റെ കൈവശം ഒരു എയർഗൺ ഉള്ള വിവരം മാത്രമേ തനിക്കറിയൂ. ഇത്തരത്തിലൊരു തോക്കുള്ളതായി കണ്ടിട്ടില്ല.മരണപ്പെട്ട സനൽ അക്രമി സംഘത്തോടൊപ്പം ഉണ്ടായിരുന്നതായി സംശയിക്കുന്നു. മകൻ ചെയ്തത് തെറ്റാണെങ്കിലും ഇതിലേക്ക് നയിച്ച സാഹചര്യംകൂടി അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് കാഞ്ഞാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫിലിപ് നേരിയ മാനസിക ആസ്വാസ്ഥ്യം ഉള്ള വ്യക്തിയാണെന്നും ലിസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.