പ്രതി ജോൺ ബി​നോ​യ്

സിപ്സിയുടെ ആരോപണങ്ങൾ, കുഞ്ഞിനോടുള്ള വൈരാഗ്യമായി; ബിനോയ് കൊലപാതകം വെളിപ്പെടുത്തിയത് മാതാപിതാക്കളോട്

കൊച്ചി: ആൺസുഹൃത്ത് തന്നിൽനിന്ന് അകലാതിരിക്കാൻ കള്ളക്കേസുകൾ കൊടുക്കുകയും പലയിടത്തും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ഒന്നരവയസ്സുകാരിയുടെ കൊലപാതകത്തിൽ കലാശിച്ചത്. 28 വയസ്സുള്ള ബിനോയ്യും 50 വയസ്സുള്ള സിപ്സിയും ഒരു വർഷത്തിലേറെ അടുത്ത പരിചയക്കാരാണ്.

എന്നാൽ, ഈയിടെ സൗഹൃദത്തിൽ ജോൺ ബിനോയ് അകലം കാണിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്ന് പൊലീസ് പറയുന്നു. ബിനോയ്ക്കെതിരെ പല സ്റ്റേഷനുകളിലും സിപ്സി കള്ളക്കേസുകൾ നൽകിയിരുന്നു. ഇതിന് പുറമെ നോറ ബിനോയ്യിൽ തനിക്കുണ്ടായതാണെന്നും സിപ്സി പ്രചരിപ്പിച്ചു. ബിനോയ്യുടെ വീട്ടിലും ജോലി ചെയ്തിരുന്ന ഇടങ്ങളിലും മരിച്ച കുട്ടിയുമായി ചെന്ന് സിപ്സി ഇക്കാര്യങ്ങൾ പറഞ്ഞു. ഇതേതുടർന്നുണ്ടായ നാണക്കേടും വൈരാഗ്യവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകം വെളിപ്പെടുത്തിയത് മാതാപിതാക്കളോട്

ചൊവ്വാഴ്ച പുലർച്ച രണ്ടേ മുക്കാലോടെയാണ് ബിനോയിയെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലും വിരലടയാളം അടക്കമുള്ളവ ശാസ്ത്രീയമായി ശേഖരിക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് ബിനോയ് കുറ്റം സമ്മതിച്ചത്.

അറസ്റ്റിലായ വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ തന്‍റെ മാതാപിതാക്കളോടാണ് ബിനോയ് ആദ്യം കൊലപാതകം സമ്മതിച്ചത്. തുടർന്ന് പൊലീസിനോട് കുറ്റം സമ്മതിച്ചു. സിപ്സി പുറത്തുപോയ സമയം നോക്കി നോറയെ ശൗചാലയത്തിലെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. കുപ്പിപ്പാൽ കുടിക്കുന്നതിനിടെ ശ്വാസകോശത്തിൽ കയറിയതാണെന്നാണ് ആശുപത്രി അധികൃതരോട് ഇരുവരും പറഞ്ഞത്. എന്നാൽ, സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സിപ്സിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.

ഡിക്സിയെ വീട്ടിലെത്തി ആക്രമിക്കാൻ സജീവിന്‍റെ ശ്രമം; നാട്ടുകാർ തടഞ്ഞു

അങ്കമാലി: ചാനലുകളില്‍ അഭിമുഖം നല്‍കിയതിനെതിരെ ഡിക്സിയെ വീട്ടിലെത്തി ആക്രമിക്കാനുള്ള സജീവിന്‍റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഒന്നര വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് കുഞ്ഞിന്‍റെ മാതാവ് ഡിക്സി വീട്ടിലെത്തിയ ചാനലുകാരുമായി പ്രതികരിച്ചത്.

ഭര്‍ത്താവ് സജീവും അദ്ദേഹത്തിന്‍റെ മാതാവ് സിപ്സിയും കുഞ്ഞിന്‍റെ കൊലപാതകത്തില്‍ ഉത്തരവാദികളാണെന്നും മറ്റും കുറ്റപ്പെടുത്തിയിരുന്നു. ഇതില്‍ ക്ഷുഭിതനായാണ് സംസ്കാര ചടങ്ങ് കഴിഞ്ഞയുടന്‍ സജീവ് കറുകുറ്റി കേബിള്‍ നഗറിലുള്ള ഡിക്സിയുടെ വീട്ടിലെത്തുകയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്തത്. നാട്ടുകാര്‍ സജീവിനെ തടഞ്ഞുവെച്ചപ്പോഴേക്കും പൊലീസും സ്ഥലത്തെത്തി. പൊതുസ്ഥലത്ത് ബഹളവും പ്രശ്നവുമുണ്ടാക്കിയതിന് സജീവിനെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

ജോൺ ബിനോയി ലഹരിക്ക് അടിമ -മാതാപിതാക്കൾ

കൊച്ചി: ജോൺ ബിനോയിക്ക് തങ്ങളെയടക്കം ആക്രമിക്കുന്ന സ്വഭാവമായിരുന്നെന്ന് പള്ളുരുത്തി സ്വദേശികളായ മാതാപിതാക്കൾ. 14 ദിവസം പ്രായമുള്ളപ്പോൾ അവനെ ദത്തെടുത്തതാണ്. എന്തൊക്കെ ദ്രോഹം ചെയ്യാമോ അതൊക്കെ ചെയ്യും. തന്നെയും ഉപദ്രവിച്ചിട്ടുണ്ടെന്ന് മാതാവ് ഇംതിയാസിയയും പിതാവ് സ്റ്റാൻലിയും പറഞ്ഞു.

കഞ്ചാവ് ഉപയോഗിക്കാൻ ദിവസവും ആയിരം രൂപ വീതം കൊടുക്കണമെന്നായിരുന്നു അവന്‍റെ ആവശ‍്യം. വീട്ടിലെ മൃഗങ്ങളെ കൊന്ന് കുഴിച്ചുമൂടുകയൊക്കെ ചെയ്തിട്ടുണ്ട്. ലഹരിക്ക് അടിമയായിരുന്നു. ഒരുദിവസം സിപ്സിയുമായി വന്ന് വീടും സ്ഥലവും എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് തങ്ങൾ സമ്മതിച്ചില്ലെന്നും അവർ പറഞ്ഞു.

Tags:    
News Summary - sipsy's allegations made animosity in john benoy towards the child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.