മുംബൈ: പ്ലാസ്റ്റിക് സ്റ്റോറേജ് ഡ്രമ്മിനുള്ളിൽ ആറുവയസുകാരിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിൽ ഉപേക്ഷിക്കപ്പെട്ട വീട്ടിലാണ് മൃതദേഹം കണ്ടെടുത്തത്. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ 13ന് ഭിവണ്ടിയിലെ കാമത്ഘറിലെ ഫെനെ ഗ്രാമത്തിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. തുടർന്ന് ഫാക്ടറി തൊഴിലാളികളായ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്.
വെള്ളിയാഴ്ചയാണ് പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് സ്റ്റോറേജ് ഡ്രമ്മിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം മുംബൈയിലെ ജെ.ജെ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വാട്ടർ സ്റ്റോറേജ് ഡ്രമ്മിൽ ഒളിപ്പിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റകൃത്യത്തിന് പിന്നിലെ ഉദ്ദേശ്യം കണ്ടെത്താൻ പ്രതികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നും സീനിയർ ഇൻസ്‌പെക്ടർ ചേതൻ കാകഡെ പറഞ്ഞു. ഐ.പി.സി സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ) പ്രകാരം ഭിവണ്ടി ടൗൺ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.