വൈക്കം: വൈക്കം ചെമ്മനത്തുകരയിൽ മത്സ്യക്കുളത്തിന് കുഴിച്ചപ്പോൾ മനുഷ്യെൻറ തലയോട്ടിയും അസ്ഥികളും ലഭിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. ചെമ്മനത്തുകരയിലും സമീപപ്രദേശങ്ങളിൽനിന്നും കാണാതായവരുടെ പട്ടിക പൊലീസ് തയാറാക്കും.
മത്സ്യക്കുളത്തിന് കുഴിച്ച സ്ഥലത്ത് ബുധനാഴ്ച രാവിലെ കുഴിച്ച് വിശദ പരിശോധന നടത്തി ബാക്കി മൃതദേഹാവശിഷ്ടങ്ങൾകൂടി കണ്ടെടുത്തു. അഞ്ചടിയോളം താഴ്ചയിൽനിന്ന് തലയോട്ടിക്ക് പുറമെ എട്ടോളം അസ്ഥിക്കഷണങ്ങളാണ് ലഭിച്ചത്.
മൃതദേഹാവശിഷ്ടം കണ്ടെത്തിയ മടൽക്കുഴിയിലെ ചളിയും വെള്ളവും െപാലീസ് ശേഖരിച്ചു. ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി. മൃതദേഹാവശിഷ്ടങ്ങളുടെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കൂടുതൽ വ്യക്തതക്ക് ഫോറൻസിക് പരിശോധന നടത്തും.
മരണപ്പെട്ടയാൾ സ്ത്രീയോ പുരുഷനോയെന്ന് നിർണയിച്ച് മൃതദേഹത്തിെൻറ കാലപ്പഴക്കം, മരണകാരണം തുടങ്ങിയവ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തും. തലയോട്ടിയിലോ അസ്ഥികളിലോ ആളെ അപായപ്പെടുത്തിയ വിധത്തിലുള്ള പൊട്ടലുകളോ മറ്റോയുണ്ടോയെന്നും പരിശോധിക്കും.
ഡി.എൻ.എ പരിശോധനയിലൂടെ മൃതദേഹാവശിഷ്ടത്തിെൻറ പഴക്കം നിർണയിച്ചു കഴിഞ്ഞാൽ ആ കാലയളവിൽ പ്രദേശത്തുനിന്ന് കാണാതായവരെക്കുറിച്ചും അന്വേഷണം നടത്തി സംഭവത്തിലെ ദുരൂഹത നീക്കാനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസിെൻറ നേതൃത്വത്തിലാണ് അന്വേഷണം. വൈക്കം ചെമ്മനത്തുകര ക്ഷേത്രത്തിനു കിഴക്ക് കടത്തുകടവിനുസമീപം കാർത്തികയിൽ രമേശെൻറ സ്ഥലത്തുനിന്നാണ് ചൊവ്വാഴ്ച വൈകീട്ട് നാലോടെ തലയോട്ടിയും അസ്ഥികളും ലഭിച്ചത്. ചെമ്മനത്തുകര സ്വദേശി അപ്പച്ചെൻറ ഉടമസ്ഥതയിലായിരുന്ന സ്ഥലം ഒരുവർഷം മുമ്പാണ് രമേശൻ വാങ്ങിയത്. കരിയാറിനോടു ചേർന്ന തോടും പുരയിടം ചെമ്മനത്തുകര കയർ സഹകരണസംഘം പൊതിമടൽ മൂടാൻ ഉപയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.