കൊല്ലം: അതിക്രൂരമായി ഉത്രയെ കൊലപ്പെടുത്തിയ സൂരജിന് വധശിക്ഷതന്നെ നൽകണമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ആവശ്യപ്പെട്ടു. ന്യായാധിപെൻറ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറം വധശിക്ഷ നൽകേണ്ട അഞ്ച് സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള സുശീൽ മുർമുറും ഝാർഖണ്ഡ് സർക്കാറുമായുള്ള കേസിലെ സുപ്രീംകോടതി വിധിയും അദ്ദേഹം ഉദ്ധരിച്ചു. ക്രൂരവും പൈശാചികവും വിചിത്രവും ദാരുണവുമായ കൊലപാതകം, വിശ്വാസം അർപ്പിച്ചയാളെ കൊലപ്പെടുത്തൽ, പണമോ സ്ത്രീധനമോ മോഹിച്ചുള്ള കൊലപാതകം, നിസ്സഹായയായ സ്ത്രീയെ കൊലപ്പെടുത്തൽ, സമൂഹത്തിന് രോഷമുണ്ടാകുന്ന കേസുകൾ എന്നീ അഞ്ച് സാഹചര്യങ്ങളും ഉത്രക്കേസിലും ബാധകമാണ്.
വധശിക്ഷയിൽനിന്ന് ഒഴിവാക്കിയാലും സൂരജിന് മാനസാന്തരമുണ്ടാകാനുള്ള സാധ്യതയില്ല. ആദ്യം അണലിയുടെ കടിയേറ്റ് ഉത്ര നിലവിളിച്ചിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ല. ഒടുവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉത്ര മരിച്ചില്ലെന്ന് ഉറപ്പായ നിമിഷം മുതൽ അടുത്ത ശ്രമത്തെക്കുറിച്ചുള്ള ആലോചന തുടങ്ങി. ഒടുവിൽ മൂർഖൻ പാമ്പിനെ വാങ്ങി കൊലപ്പെടുത്തി. ഉത്രയുടെ ശരീരത്തിൽ വിഷം പടരുന്നത് തൊട്ടടുത്തിരുന്ന് ആസ്വദിക്കുകയുമായിരുന്നു. ഇത്തരത്തിൽ മാനസാന്തര സാധ്യതയില്ലാത്തതിനാൽ, ഏറ്റവും ഉയർന്ന ശിക്ഷ തന്നെ നൽകിയാൽ അത് സമൂഹത്തിന് പാഠവും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനും സഹായകരമാകും-പ്രോസിക്യൂഷൻ പറഞ്ഞു.
പ്രായം കുറവാണെന്നും മാനസാന്തരത്തിനുള്ള അവസരം നൽകണമെന്നുമാണ് പ്രതിഭാഗം ഉന്നയിച്ചത്. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് തനിക്ക് അച്ഛനും അമ്മയും ഉണ്ട്, അവരെ സംരക്ഷിക്കണമെന്നാണ് സൂരജ് മറുപടി നൽകിയത്. കൃത്യത്തിനുപയോഗിച്ച 'ആയുധം' സ്വാഭാവികമാണോ എന്ന് തോന്നുന്നുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് 'അസ്വാഭാവികം' എന്ന് പ്രതിഭാഗം സമ്മതിച്ചു. പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചു.
ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് 'എങ്ങനെ.., ആര്.., എന്തിന്..?' എന്നീ മൂന്ന് ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം കണ്ടെത്തുന്നതിൽ വിജയിെച്ചന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് പറഞ്ഞു. പാമ്പുകടിയേറ്റ രണ്ട് സംഭവങ്ങളിലും അസ്വാഭാവികതയുണ്ടായിരുന്നു. വിദഗ്ധരുടെ അഭിപ്രായവും വാവ സുരേഷിനെ പോലുള്ളവരുടെ നിഗമനവും അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു.
അണലി ഒരിക്കലും മരം കയറി രണ്ടാംനിലയിലെത്തില്ല എന്നതും മൂർഖൻ പാമ്പ് അസമയത്ത് കടിക്കില്ലെന്നതും ശാസ്ത്രീയമായി തെളിയിക്കാനായി. ഉത്രയുടെ കൈയിൽ ഏറ്റ കടിപ്പാടിെൻറ ആഴത്തിലെ വ്യത്യാസം നിർണായക തെളിവായി.
സാധാരണ നിലയിൽ മൂർഖൻ കടിച്ചാൽ 1.7 മുതൽ 1.8 സെ.മീറ്റർ വരെയാണ് ആഴം വരുക. ഉത്രയുടെ കൈയിൽ 2.3 സെ.മീ, 2.8 സെ.മീ ആഴത്തിലാണ് മുറിവേറ്റത്. പാമ്പിെൻറ തലയിൽ ബലം കൊടുത്ത് കടിപ്പിച്ചാൽ മാത്രമാണ് ഇത്തരത്തിൽ സംഭവിക്കുകയെന്നത് ഡമ്മി പരീക്ഷണത്തിലൂടെ കോടതിയെ ബോധ്യപ്പെടുത്തി. ഇൗ രംഗത്തുള്ളവരുടെ വിദഗ്ധ അഭിപ്രായങ്ങളും കണ്ടെത്തൽ സാധൂകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.