കണ്ണൂർ: ലഹരിമാഫിയ കുട്ടികളെയും തേടിയെത്തുന്നു. 18 വയസ്സിൽ താഴെയുള്ളവരിൽ മയക്കുമരുന്ന്, കഞ്ചാവ് ഉപയോഗം വർധിക്കുന്നതായാണ് എക്സൈസിന്റെ കണക്ക്. കണ്ണൂരിൽ മയക്കുമരുന്ന് നൽകി സഹപാഠി ശാരീരികമായി പീഡിപ്പിച്ചെന്ന ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എക്സൈസ്, പൊലീസ് വകുപ്പുകൾ നടപടികൾ കർശനമാക്കിയിട്ടുണ്ട്.
ന്യൂജൻ മയക്കുമരുന്നുകളടക്കം വിദ്യാർഥികൾക്ക് സുലഭമായി ലഭിക്കുന്നതായാണ് വിവരം. ഇവയുടെ ഉപയോഗം മദ്യവും പുകയിലയുംപോലെ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കാത്തതാണ് പുതുതലമുറ അതിമാരക മയക്കുമരുന്നിലേക്ക് കടക്കുന്നത്. ബംഗളൂരു പോലെയുള്ള നഗരങ്ങളിൽ വ്യാപകമായതും സാധാരണക്കാർക്കിടയിൽ സജീവമാകാത്തതുമായ ഇവയുടെ ഉപയോഗം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. ഡിപ്രഷൻ, പാഠഭാരം തുടങ്ങിയവയിൽനിന്ന് മോചനം ലഭിക്കുമെന്ന തെറ്റിദ്ധാരണയിൽ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണവും ഏറെയാണ്. രാത്രി ഏറെ വൈകിയും പഠിക്കാനിരിക്കുന്നവരുടെ കാര്യത്തിലും ശ്രദ്ധ വേണം.
ലഹരി ഉപയോഗിക്കുന്നവരെ ശാസ്ത്രീയമായ രീതിയിൽവേണം സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ. കുട്ടികളെ ശിക്ഷിക്കുന്നത് തിരിച്ചടിയാവും. ലഹരി ഉപയോഗം ശ്രദ്ധയിൽപെട്ടാൽ മിക്ക രക്ഷിതാക്കളും ഇക്കാര്യം അധ്യാപകരോടോ എക്സൈസ് അധികൃതരോടോ പങ്കുവെക്കുന്നില്ലെന്നതാണ് സത്യം.
അതിനാൽ, കുട്ടികൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്ന കണ്ണികളെ വലയിലാക്കാനാവാറില്ല. അനാവശ്യമായി കുട്ടികൾക്ക് പണം നൽകരുത്. പോക്കറ്റ് മണി നൽകുന്നതിനുപകരം ആവശ്യമായ സാധനങ്ങൾ രക്ഷിതാക്കൾതന്നെ വാങ്ങി നൽകുന്നതാണ് ഉചിതം. കുട്ടികളിൽ സ്വഭാവമാറ്റം അനുഭവപ്പെട്ടാൽ സ്കൂൾ കൗൺസലർമാരെ അറിയിക്കാം. സൗമ്യമായി കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കിയാൽ അവർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുറപ്പാണ്.
ലോക്ഡൗണിൽ ക്ലാസുകൾ ഓൺലൈനായതോടെ ഭൂരിപക്ഷം വിദ്യാർഥികളും സ്ഥിരമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്. ഹൈസ്കൂൾ തലം മുതലുള്ള വിദ്യാർഥികളിൽ മിക്കവർക്കും ഫോൺ സ്വന്തമായുണ്ട്. സമൂഹ മാധ്യമങ്ങൾ വഴിയാണ് കുട്ടികൾ ലഹരിസംഘങ്ങളുമായി അടുക്കുന്നത്. സാധാരണയായി ആളുകൾ ഉപയോഗിക്കുന്നതല്ലാത്ത ചാറ്റിങ് ആപ്പുകൾ വഴിയാണ് പലരും ഇവരുമായി ആശയവിനിമയം നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ കണ്ണൂരിൽ കോടിക്കണക്കിന് രൂപയുടെ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടിയപ്പോൾ സംഘത്തിന്റെ വിതരണവും ആശയവിനിമയവും സമൂഹ മാധ്യമങ്ങൾ വഴിയാണെന്ന് കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് വാങ്ങാനായി രക്ഷിതാക്കളുടെ അക്കൗണ്ടിൽനിന്ന് പണം ഉപയോഗിച്ച സംഭവങ്ങളുമുണ്ട്.
പണം നഷ്ടപ്പെട്ട കാര്യം ബാങ്കിൽ പരാതിയായി എത്തുമ്പോഴാകും കുട്ടികൾ നടത്തിയ ഓൺലൈൻ ഇടപാടിനെക്കുറിച്ച് രക്ഷിതാവ് അറിയുന്നത്. ലഹരി ഉപയോഗിക്കുന്നവരുടെ ഗ്രൂപ്പുകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണെന്നാണ് വിവരം.
പ്രണയവും ലഹരിയും
ന്യൂജൻ മയക്കുമരുന്നുകളുടെ ഉപഭോക്താക്കളിൽ ഏറെയും സ്കൂൾ, കോളജ് വിദ്യാർഥികളാണ്. ഇവർക്കിടയിലെ പ്രണയ ബന്ധങ്ങൾവരെ ലഹരിസംഘങ്ങൾ അവരുടെ പ്രവർത്തനത്തിനായി ചൂഷണം ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം കണ്ണൂരിലുണ്ടായ സംഭവം ഇതിന്റെ ഉദാഹരണമാണ്. ഡിപ്രഷൻ മാറുമെന്ന് പറഞ്ഞാണ് ഒമ്പതാം ക്ലാസുകാരിക്ക് ലഹരി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.