ചിറ്റൂർ: പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 1,470 ലിറ്റർ സ്പിരിറ്റ് പിടികൂടി. കന്നാസുകളിലാക്കി വണ്ണാമട, മണൽത്തോട് എന്നിവിടങ്ങളിൽ തെങ്ങിൻതോപ്പുകളിൽ കുഴിച്ചിട്ട നിലയിലായിരുന്നു സ്പിരിറ്റ്. സംഭവവുമായി ബന്ധപ്പെട്ട് മണൽത്തോട് സ്വദേശി കണ്ണൻ (35), പൊള്ളാച്ചി ആറാംപാളയം പ്രഭാകരൻ (32) എന്നിവരെ വണ്ണാമടയിൽനിന്നും കൊടുങ്ങല്ലൂർ നാരായണമംഗലം സ്വദേശി ബിജേഷിനെ (42) മണൽത്തോട്ടിലെ തോപ്പിൽ നിന്നും കസ്റ്റഡിയിലെടുത്തു.
എക്സൈസ് തൃശൂർ, പാലക്കാട് ഇൻറലിജൻസ് വിഭാഗവും എക്സൈസ് ചിറ്റൂർ റേഞ്ച്, സർക്കിൾ സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. വണ്ണാമടയിലെ തോപ്പിൽനിന്ന് 35 ലിറ്റർ കൊള്ളുന്ന 25 കന്നാസുകളിൽ സൂക്ഷിച്ച 875 ലിറ്ററും മണൽത്തോട്ടിൽ 17 കന്നാസുകളിലായുള്ള 595 ലിറ്ററുമാണ് പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചയാരംഭിച്ച പരിശോധനയിൽ വണ്ണാമടയിൽനിന്നാണ് ആദ്യം സ്പിരിറ്റ് കണ്ടെത്തിയത്. പിടിയിലായവരെ ചോദ്യംചെയ്തപ്പോഴാണ് മണൽത്തോട്ടിലും സൂക്ഷിച്ച വിവരം ലഭിക്കുന്നത്. പരിശോധന ഉച്ചവരെ നീണ്ടു. തൃശൂർ ഐബി ഇൻസ്പെക്ടർ മനോജ് കുമാർ, പ്രിവൻറിവ് ഓഫിസർമാരായ സുരേന്ദ്രൻ, സുരേഷ് കുമാർ, പാലക്കാട് ഐബി എക്സൈസ് ഇൻസ്പെക്ടർ നൗഫൽ, ചിറ്റൂർ റേഞ്ച് ഇൻസ്പെക്ടർ അശ്വിൻ കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സി.പി.എമ്മിന് പങ്കെന്ന് കോൺഗ്രസ്; നിഷേധിച്ച് സി.പി.എം
ചിറ്റൂർ: തെങ്ങിൻതോപ്പിൽനിന്ന് സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ സി.പി.എമ്മിന് പങ്കെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. സുമേഷ് അച്യുതൻ. സി.പി.എം അഞ്ചാം മൈല്‍ ബ്രാഞ്ച് സെക്രട്ടറിയാണ് കണ്ണൻ എന്ന് സുമേഷ് ആരോപിച്ചു. കള്ളിൽ ചേർക്കാൻ സൂക്ഷിച്ച സ്പിരിറ്റാണ് പിടിച്ചെടുത്തത്.
സി.പി.എം ജില്ല നേതൃത്വത്തിന്റെ അറിവോടെയാണിത്. പിടിയിലായ കണ്ണന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കണം. വ്യാജമദ്യത്തിലൂടെയും മയക്കുമരുന്ന് കച്ചവടത്തിലൂടെയും സമ്പാദിക്കുന്ന പണമാണ് മേഖലയിലെ ക്രിമിനൽ സംഘങ്ങളെ തീറ്റിപ്പോറ്റാൻ സി.പി.എം ഉപയോഗിക്കുന്നതെന്നും സുമേഷ് അച്യുതൻ പറഞ്ഞു.
അതേസമയം വണ്ണാമടയിൽ സ്പിരിറ്റ് കേസിൽ പിടിയിലായ കണ്ണൻ സിപി.എം ബ്രാഞ്ച് സെക്രട്ടറിയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കൊഴിഞ്ഞാമ്പാറ ലോക്കൽ സെക്രട്ടറി പറഞ്ഞു. ഇയാൾ മുമ്പ് പാർട്ടി അംഗമായിരുന്നു. അനധികൃത ഇടപാടുകൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജനുവരിയിൽ അംഗത്വം പുതുക്കി നൽകിയില്ല. നിലവിൽ പാർട്ടി അനുഭാവിയെന്നല്ലാതെ മറ്റ് സ്ഥാനങ്ങളില്ല. കന്നിമുത്തു എന്നായാളാണ് അഞ്ചാം മൈൽ ബ്രാഞ്ച് സെക്രട്ടറിയെന്നും കൊഴിഞ്ഞാമ്പാറ ലോക്കൽ സെക്രട്ടറി വി. ശാന്തകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.