ആറ്റിങ്ങൽ: വക്കം സ്വദേശി ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട കുര്യൻ എന്നറിയപ്പെടുന്ന വിനീതിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.
കുര്യൻ വിനീതിന് പുറമെ പ്രണവ്, ശ്രീജിത്ത്, വിജിത് എന്നിവരെയാണ് പൊലീസ് തേടുന്നത്. കുര്യൻ വിനീത് തിരുവനന്തപുരത്ത് വിവാഹ വീട്ടിൽ ബോംബാക്രമണം നടത്തിയ കേസിലെ മുഖ്യ പ്രതിയാണ്.
വക്കം സ്വദേശികളായ വൈശാഖ്, സതീഷ്, ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശികളായ രാഹുൽ, അഖിൽ കൃഷ്ണ എന്നിവരാണ് നിലവിൽ ആറ്റിങ്ങൽ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
രാഹുൽ, അഖിൽ കൃഷ്ണ എന്നിവരാണ് ശ്രീജിത്തിനെ വലിയകുന്ന് ഗവ.താലൂക്കാശുപത്രിയിൽ എത്തിച്ചത്. ശ്രീജിത്തിനെ മർദിച്ച് കൊലപ്പെടുത്തിയ സ്ഥലത്തുനിന്നാണ് വൈശാഖ്, സതീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീജിത്തിനെ കാണാത്തതിനെതുടർന്ന് തിരക്കി എത്തിയവരാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
ആറ്റിങ്ങൽ: ലഹരി മാഫിയ വിളയാട്ടത്തെതുടർന്ന് ഭീതിയിൽ ഊരുപൊയ്ക. ലഹരി മാഫിയ സംഘം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയതാണ് ഒടുവിലത്തെ സംഭവം.
ജില്ലയിലെ പ്രധാന ലഹരി കടത്ത് സംഘം പ്രവർത്തിക്കുന്നത് ഊരുപൊയ്ക കേന്ദ്രീകരിച്ചാണ്. ഇതിന് നേതൃത്വം നൽകുന്ന വ്യക്തിയുടെ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രിമിനൽ സ്വഭാവമുള്ള വ്യക്തികൾ ഇവിടെ എത്തിയിരുന്നു. അന്നുതന്നെ ഇവർ തമ്മിൽ മൂന്ന് സംഘർഷം പ്രദേശത്ത് നടന്നിരുന്നു. ഇതൊന്നും കേസായിരുന്നില്ല. എന്നാൽ, ഈ സംഘർഷങ്ങളെതുടർന്ന് രൂപപ്പെട്ട പകയാണ് വിളിച്ചുവരുത്തിയുള്ള കൊലക്ക് കാരണമെന്നാണ് പറയപ്പെടുന്നത്.
ഇതിന് പുറമെ ലഹരി വിൽപനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ, സാമ്പത്തിക തർക്കങ്ങൾ, ലഹരി വിൽപനക്കിടയിലെ ഒറ്റ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞും മാഫിയ സംഘങ്ങൾ ഏറ്റുമുട്ടാറുണ്ട്. മാമം ആറ്റുതീരത്തും പുരയിടങ്ങളിലും പാടശേഖരങ്ങളിലും സംഘടിക്കുന്ന ലഹരി സംഘം പ്രദേശത്തെ സ്വൈര ജീവിതത്തിന് ഭീഷണിയാണ്.
ജില്ലയിലെ പ്രമാദമായ നിരവധി ആക്രമണ സംഭവങ്ങളിൽ പങ്കാളിയായ വ്യക്തിയാണ് ഊരുപൊയ്ക കേന്ദ്രീകരിച്ച് മാഫിയ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. എന്നാൽ, പേരിന് മാത്രമേ ഇദ്ദേഹത്തെ പ്രതി ചേർത്തിട്ടുള്ളൂ. എത്ര വലിയ ക്രൂരതയും ചെയ്യാൻ മടിയില്ലാത്ത സംഘമായി ഇവർ മാറിയത് പ്രദേശത്ത് ഭീതി പരത്തിയിട്ടുണ്ട്.
ഒരാഴ്ച മുമ്പ് ഇവിടെ നടന്ന അക്രമത്തിൽ പ്രദേശവാസികളായ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ, ആരും പൊലീസിൽ പരാതിപ്പെട്ടിട്ടില്ല. എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റ് എട്ട് തുന്നലുണ്ട്. എന്നിട്ടും പരാതിപ്പെടാത്തത് അന്വേഷണ ഉദ്യോഗസ്ഥരെയും കുഴപ്പിക്കുന്നു.
ഒരുവർഷം മുമ്പ് തെക്കതിൽ ക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ ഉത്സവ കമ്മിറ്റി ഭാരവാഹികൾക്ക് വെട്ടേറ്റിരുന്നു.
ആറ്റിങ്ങൽ: ലഹരി മാഫിയയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിനെ ആറ്റിങ്ങൽ വലിയകുന്ന് ഗവ. താലൂക്കാശുപത്രിയിലെത്തിച്ചത് അപകടത്തിൽ പെട്ടെന്ന നിലയിൽ. മൃതദേഹത്തിൽ മർദനമേറ്റ പാടുകളും ചതവുകളും മുറിവും ഉണ്ടായിരുന്നു. സംശയം തോന്നി ഡോക്ടർമാർ ചോദിച്ചപ്പോൾ വാഹനാപകടം എന്നാണ് ഇവർ മറുപടി നൽകിയത്. വിവരം പൊലീസിൽ അറിയിച്ചു. മൃതദേഹം ആശുപത്രിയിൽ എത്തിച്ചവരെ ഉടൻ കസ്റ്റഡിയിലെടുത്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ ആശുപത്രി ജീവനക്കാരുടെ സഹായത്തോടെയാണ് പിടികൂടിയത്. ഇവരുമായി പൊലീസ് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രാത്രിതന്നെ എത്തി.
പ്രതികളെക്കുറിച്ചുള്ള സൂചനയും ഇവരിൽനിന്ന് ലഭിച്ചു. ഇവർക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. റൂറൽ എസ്.പി ദിവ്യയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.
കഠിനംകുളം സി.ഐ ചന്ദ്രദാസാണ് കേസ് അന്വേഷിക്കുന്നത്. ലഹരി കടത്ത് കേസിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെതുടർന്ന് ആറ്റിങ്ങൽ സി.ഐ തൻസീം അബ്ദുൽ സമദ് സസ്പെൻഷനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.