ആറ്റിങ്ങൽ: ബന്ധുവായ യുവതിക്കൊപ്പം താമസിച്ച് അവരുടെ രണ്ട് പെൺമക്കളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിവന്ന പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ. രണ്ട് പെൺകുട്ടികളോടും അതിക്രമം നടത്തിയത് സംബന്ധിച്ച് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്ത പ്രകാരം ഇരു കേസുകളിലും വിചാരണ പൂർത്തിയാക്കിയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് ബിജുകുമാർ സി.ആർ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രതിക്ക് വ്യത്യസ്ത കേസുകളിലായി കഠിനതടവുൾപ്പെടെ ജീവിതാന്ത്യം വരെ തടവും 14.5 ലക്ഷം രൂപ പിഴ ശിക്ഷയുമാണ് വിധിച്ചത്.
പ്രതി ബന്ധുവായ യുവതിയോട് അടുപ്പം സ്ഥാപിച്ച ശേഷം രണ്ടാനച്ഛനായി കൂടെ താമസിച്ചുവന്ന് അതിജീവിതകളെ രണ്ടുവർഷക്കാലത്തിലധികം ലൈംഗികാതിക്രമത്തിന് വിധേയരാക്കി.
നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും അസുഖാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കാതിരിക്കുകയും ചെയ്തെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
പ്രതിയുടെ ഭീഷണിക്ക് വഴങ്ങി ലൈംഗികാതിക്രമം പുറത്തുപറയാൻ ഭയപ്പെട്ട കുട്ടികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും മൊഴിയുണ്ട്.
കുട്ടികൾ ബന്ധുവീട്ടിൽ അഭയം തേടിയശേഷമാണ് നിയമനടപടികൾ ആരംഭിച്ചത്.
പെൺകുട്ടികളിൽ മുതിർന്നയാളെ അതിക്രമിച്ച കേസിൽ 26 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകൾ പ്രോസിക്യൂഷൻ ആസ്പദമാക്കുകയും ചെയ്തു. രണ്ടാമത്തെ കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയാക്കിയ കേസിൽ 24 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ ആധാരമാക്കുകയും ചെയ്തു.
അച്ചൻകോവിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പള്ളിക്കൽ പൊലീസിന് കൈമാറി. പള്ളിക്കൽ സബ് ഇൻസ്പെക്ടർ എം. സഹില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ ശ്രീജിത്ത് പി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. രണ്ട് കേസുകളിലും പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.