കൽപറ്റ: വയനാട്ടില്‍നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് വില്പന നടത്തുന്ന സംഘത്തില്‍ ഒരാളെ കൂടി വയനാട് പൊലീസ് പിടികൂടി. തൃശൂര്‍ വാടാനപ്പള്ളി അമ്പലത്തുവീട്ടില്‍ എ.എസ്. മുഹമ്മദ് ഷഫീക്ക് (24)നെയാണ് ശനിയാഴ്ച ഗുരുവായൂര്‍ അമ്പല കിഴക്കേനടയിലെ ലോഡ്ജില്‍നിന്ന് പിടികൂടിയത്. വയനാട് ജില്ല മേധാവി ടി. നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കമ്പളക്കാട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം.എ. സന്തോഷിന്റെയും നേതൃത്വത്തിലുള്ള സംഘവും തൃശൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാര്‍ച്ചില്‍ കമ്പളക്കാട് സ്റ്റേഷന് പരിധിയില്‍നിന്ന് പിക് അപ് വാഹനം മോഷണം പോയ സംഭവത്തിലാണ് അറസ്റ്റ്. ഷഫീക്കിന് വടകര പൊലീസ് സ്റ്റേഷനില്‍ കൊലപാതകം, തൃശൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, അടിപിടി, കളവ് തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. കുറ്റകൃത്യങ്ങളില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ട് ബംഗളൂരു, കോയമ്പത്തൂര്‍ തുടങ്ങിയ ഇടങ്ങളില്‍ ആഡംബര ജീവിതം നയിക്കുകയാണ് ഇയാളുടെ രീതി. 'ഗ്രിന്‍ഡര്‍' എന്ന ആപ്ലിക്കേഷന്‍ മുഖാന്തിരം തട്ടിപ്പ് നടത്താന്‍ പദ്ധതി ഇടുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്.
ഈ ആപ്പ് വഴി ആളുകളുമായി ബന്ധം സ്ഥാപിച്ച് അവരുമായി കുടിക്കാഴ്ച നടത്തി നഗ്ന വിഡിയോയും ഫോട്ടോയും എടുത്ത ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമായിരുന്നു. ഇയാളുടെ ചതിക്കെണിയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.