തലശ്ശേരി: പ്ലസ് വൺ വിദ്യാർഥിയെ വിദ്യാർഥികളടങ്ങുന്ന സംഘം ക്രൂരമായി മർദിച്ചു. മർദിക്കുന്നതിന്റെ വിവിധ ഭാഗങ്ങളടങ്ങിയ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ തലശ്ശേരി പൊലീസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാധാരമായ സംഭവം. തലശ്ശേരി ബി.ഇ.എം.പി സ്കൂൾ പ്ലസ് വൺ വിദ്യാർഥി ധർമടം ഒഴയിൽ ഭാഗത്തെ ഹർഷയിൽ ഷാമിൽ ലത്തീഫിനാണ് മർദനമേറ്റത്. കൈകൊണ്ടും കുപ്പികൊണ്ടും വളഞ്ഞിട്ട് ആക്രമിച്ചെന്നാണ് പരാതി.
ചിറക്കര കുഴിപ്പങ്ങാട് പ്രദേശത്തെ പണിതീരാത്ത വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. കൈക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും അടിയേറ്റ് പരിക്കേറ്റതിനാൽ ഷാമിൽ മൂന്ന് ദിവസമായി തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മർദനം നടത്തിയ ദൃശ്യം വിദ്യാർഥികൾ തന്നെ മൊബൈലിൽ പകർത്തി സാമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
12 വിദ്യാർഥികൾക്കെതിരെയാണ് കേസ്. ഒരു വിദ്യാർഥി സുഹൃത്തിനോടൊപ്പമുള്ള വീഡിയോ പ്രചരിച്ച സംഭവമാണ് വിദ്യാർഥികളെ പ്രകോപിതരാക്കിയത്. ഈ സംഭവം വിദ്യാലയത്തിലെ ടീച്ചറെ അറിയിച്ചത് ഷാമിലാണെന്ന് ആരോപിച്ചായിരുന്നു മർദനം. വിദ്യാർഥികൾ മാറി മാറി ഷാമിലിനെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ഷാമിലിനെ മർദിച്ചതിന് കാരണവർ അജ്മൽ പൊലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ കേസെടുക്കാൻ പൊലീസ് ആദ്യം തയാറായില്ല. ദൃശ്യം പുറത്തു വന്നതോടെയാണ് വെള്ളിയാഴ്ച വൈകീട്ട് പൊലീസ് കേസെടുത്തത്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഉദാസീനതയും പ്രതിഷേധത്തിനിടയാക്കി. ഈ സംഭവത്തിന്റെ തലേ ദിവസം സമാനമായ മറ്റൊരു സംഭവവും നഗരത്തിലുണ്ടായി.
ചിറക്കര എസ്.എസ് റോഡിലെ ഒരു യുവാവാണ് വിദ്യാർഥികളടങ്ങുന്ന സംഘത്തിന്റെ മർദനത്തിനിരയായത്. ഈ സംഭവം പൊലീസ് സ്റ്റേഷനിൽ രമ്യതയിൽ തീർക്കുകയായിരുന്നു. ടി.സി മുക്കിലെ സർക്കസ് ഗ്രൗണ്ടിലാണ് യുവാവ് അക്രമിക്കപ്പെട്ടത്.
മുൻ വൈരാഗ്യമായിരുന്നു അക്രമത്തിന് കാരണം. നഗരത്തിൽ അടുത്ത കാലത്തായി വിദ്യാർഥികൾ ഏറ്റുമുട്ടുന്ന നിരവധി സംഭവമുണ്ടായിട്ടുണ്ട്. മിക്ക സംഭവങ്ങളിലും പൊലീസ് കണ്ണടക്കുന്നതായാണ് വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.