പെരുമ്പാവൂര്‍: അന്തര്സംസ്ഥാനക്കാരിയായ യുവതിയെ കുത്തിക്കൊന്ന ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. അസം സ്വദേശിനി ഫരീദ ബീഗമാണ് (27) മരിച്ചത്. അസംകാരൻ തന്നെയായ ആണ്‍സുഹൃത്ത് മൊഹര്‍ അലിയാണ് (23) കത്തികൊണ്ട് കുത്തിയശേഷം വയറ്റില്‍ കുത്തി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
വാഴക്കുളം പഞ്ചായത്ത് ഏഴാംവാര്ഡില് മുടിക്കല്‍ മസ്ജിദിന് മുന്നിലെ വിദ്യാസദനം-ചിറയന്‍പാടം റോഡില്‍ ഞായറാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. സമീപത്തെ വാടകക്കെട്ടിടത്തില്‍ താമസിച്ചിരുന്ന യുവതി ജോലിക്ക് പോകുന്ന സമയത്തായിരുന്നു ആക്രമണം. യുവതിയുടെ പിന്നിലൂടെ ചെന്നാണ് ആക്രമിച്ചത്. നെഞ്ചിന് പിറകിലാണ് കുത്തേറ്റത്.
സംഭവസ്ഥലത്തെത്തിയ പൊലീസ് മൊഹര്‍ അലിയെ ആശുപത്രിയിലെത്തിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് മരിച്ച യുവതിക്ക് എട്ടുവയസുള്ള മകളുണ്ട്. യുവാവും യുവതിയുമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ കുറച്ചുദിവസം മുമ്പ് ഇവര്‍ നാട്ടിലേക്ക് പോയിരുന്നു. ഫരീദബീഗം ആറുദിവസം മുമ്പും മൊഹര്‍ അലി ഞായറാഴ്ച രാവിലെയുമാണ് തിരിച്ചെത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
നാട്ടിൽവെച്ചുണ്ടായ അഭിപ്രായവ്യത്യാസമാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന, യുവതിയുടെ സഹോദരന്റെ മൊഴി എടുത്തിട്ടുണ്ട്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.