200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിനെതിരെ മൊഴി നൽകി ബോളിവുഡ് താരം നോറ ഫത്തേഹി. ഡൽഹി പാട്യാല കോടതിയിലെത്തിയാണ് നടി സുകേഷിനെതിരെ മൊഴി നൽകിയത്. കേസിൽ സാക്ഷിയാണ് നോറ.
സുകേഷ് ചന്ദ്രശേഖർ തന്നോട് കാമുകിയാകണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തിനെ അയച്ചിരുന്നതായി നടിയുടെ മൊഴിയിൽ പറയുന്നു. കാമുകിയായാൽ തന്നേയും കുടുംബത്തേയും സാമ്പത്തികമായി സംരക്ഷിച്ചു കൊള്ളാമെന്നും കൂറ്റൻ ബംഗ്ലാവ് സമ്മാനമായി നൽകാമെന്നുമായിരുന്നു സുകേഷിന്റെ വാഗ്ദാനം. സുകേഷിന്റെ അടുത്ത സുഹൃത്ത് പിങ്കി ഇറാനിയാണ് ആവശ്യവുമായി തന്നെ സമീപിച്ചത്.
പിങ്കി ഇറാനി തന്റെ ബന്ധുവിനെയാണ് ആദ്യം സമീപിച്ചത്. നോറ സുകേഷിന്റെ കാമുകിയാകണമെന്നും ഇതിന് അനുവദിച്ചാൽ നോറയേയും കുടുംബത്തേയും സാമ്പത്തികമായി സഹായിക്കാമെന്നുമാണ് പിങ്കി നടിയുടെ ബന്ധുവിനെ അറിയിച്ചത്.
കേസിൽ പൊലീസ് എഫ്.ഐ.ആർ ചേർത്ത ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ കുറിച്ചും നോറയുടെ മൊഴിയിൽ പറയുന്നുണ്ട്. ജാക്വിലിൻ താത്പര്യമറിയിച്ച് രംഗത്തുണ്ടെന്നും പക്ഷേ, സുകേഷിന് നോറയോടാണ് താത്പര്യമെന്നും പിങ്കി ഇറാനി പറഞ്ഞതായും മൊഴിയിൽ പറയുന്നു. സുകേഷിന്റെ ഓഫർ സ്വീകരിക്കാൻ നിരവധി നടിമാർ 'ക്യൂ' ആണെന്നും പിങ്കി തന്റെ ബന്ധുവിനോട് പറഞ്ഞതായി താരം മൊഴിയിൽ രേഖപ്പെടുത്തി.
തനിക്ക് ആദ്യം സുകേഷ് ചന്ദ്രശേഖറിനെ അറിയില്ലായിരുന്നു. എൽഎസ് കോർപ്പറേറ്റ് എന്ന കമ്പനിയിലാണ് ഇയാൾ ജോലി ചെയ്യുന്നതെന്നാണ് കരുതിയത്. ഇയാളുമായി തനിക്ക് യാതൊരു പരിചയമോ ഒരിക്കൽ പോലും സംസാരിക്കുകയോ ചെയ്തിട്ടില്ല. ഇ.ഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോൾ മാത്രമാണ് സുകേഷ് ചന്ദ്രശേഖർ ആരാണെന്ന് താൻ അറിയുന്നതെന്നാണ് നോറ മൊഴിയിൽ പറയുന്നത്.
ജാക്വിലിൻ ഫെർണാണ്ടസുമായി അടുപ്പം സ്ഥാപിക്കാൻ സഹായിക്കാൻ സുകേഷ് ചന്ദ്രശേഖർ പത്ത് കോടി പിങ്കി ഇറാനിക്ക് വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. ബോളിവുഡ് താരങ്ങളടക്കം പ്രതി ചേർക്കപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടിയുടെ നിർണായക വെളിപ്പെടുത്തൽ ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.