കാക്കനാട്: സൂപ്പർ ബൈക്കുകളിൽ ചീറിപ്പായുന്നവർക്കിടയിൽ ക്രിമിനൽ വാസന കൂടുന്നതായി മോട്ടോർ വാഹന വകുപ്പ്. നമ്പർ പ്ലേറ്റുകൾ അഴിച്ചുമാറ്റിയും കാണാൻ കഴിയാത്ത വിധത്തിൽ മടക്കിവെക്കുന്നതുമായ സംഭവങ്ങൾ വ്യാപകമായതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഈ നിഗമനത്തിലെത്തിയത്.
പുതു വർഷത്തോടനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയിൽ ഇത്തരം നിരവധി കേസുകളാണ് കണ്ടെത്തിയതെന്ന് എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടിഒ അനന്തകൃഷ്ണൻ പറഞ്ഞു. യുവാക്കളിൽ മദ്യപിച്ച് വാഹനമോടിക്കുന്നതും ലഹരിവസ്തുക്കളുടെ ഉപയോഗവും കൂടിയിട്ടുണ്ട്. നമ്പർ പ്ലേറ്റുകൾ മടക്കിവെക്കുന്നതും അഴിച്ചുമാറ്റുന്നതും ഇത്തരക്കാരാണെന്നും മനഃപൂർവം കുറ്റകൃത്യങ്ങളെ സമീപിക്കുന്ന രീതിയാണിതെന്നുമാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. ലഹരിവസ്തുക്കൾ കൈയിലുണ്ടെങ്കിൽ പരിശോധനക്ക് നിൽക്കുന്ന ഉദ്യോഗസ്ഥനെ വെട്ടിച്ചു കടന്നുകളയാനാണ് നമ്പർ പ്ലേറ്റ് ഒഴിവാക്കുന്നത്. ഇത്തരത്തിൽ നമ്പർപ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവരിൽനിന്ന് 3000 രൂപ വരെയാണ് പിഴയിനത്തിൽ ഈടാക്കുന്നത്. പുതുവർഷദിനത്തിലും തലേന്നുമായി ജില്ലയിൽ മുഴുവനായി നടത്തിയ വാഹന പരിശോധനയിൽ നിരവധി പേർക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. ഓപറേഷൻ സുരക്ഷിത പുലരി എന്ന പേരിലായിരുന്നു പുതുവർഷ ആഘോഷത്തിനു മറവിൽ വാഹനങ്ങളിൽ ചീറിപ്പായുന്നവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.