സ്റ്റേഷനിൽ തമ്മിലടിച്ച എ.എസ്.ഐക്കും വനിത പൊലീസിനും സസ്പെൻഷൻ

കോട്ടയം: പള്ളിക്കത്തോട് സ്റ്റേഷനിൽ തമ്മിലടിച്ച എ.എസ്.ഐക്കും വനിത പൊലീസിനും സസ്പെൻഷൻ. എ.എസ്.ഐ സി.ജി. സജികുമാര്‍, പൊലീസ് ഉദ്യോഗസ്ഥ വിദ്യാരാജന്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല നടപടി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്തയാണ് നടപടിക്ക് നിർദേശിച്ചത്.

കഴിഞ്ഞ മാസം 20നായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യയുടെ മൊബൈലിലേക്ക് എ.എസ്.ഐ അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ചാണ് രാവിലെ സ്റ്റേഷനിൽ തർക്കം തുടങ്ങിയത്. തുടർന്ന് വിദ്യയുടെ ഫോൺ സജികുമാര്‍ വലിച്ചെറിഞ്ഞു. ഇതോടെ വിദ്യ എ.എസ്.ഐയെ തല്ലി. സംഭവം വിവാദമായതോടെ ജില്ല പൊലീസ് മേധാവി സജികുമാറിനെ ചിങ്ങവനം സ്‌റ്റേഷനിലേക്കും വിദ്യാരാജനെ മുണ്ടക്കയത്തേക്കും സ്ഥലം മാറ്റിയിരുന്നു. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിവൈ.എസ്.പിക്കും നിർദേശം നൽകിയിരുന്നു. ഇതോടെ ജില്ലയിൽ നാലുദിവസത്തിനിടെ നാലു പൊലീസ് ഉദ്യോഗസ്ഥരാണ് സസ്പെൻഷനിലായത്.

അഴിമതി ആരോപണങ്ങളെതുടർന്ന് എരുമേലി പൊലീസ് ഇൻസ്പെക്ടർ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജി എന്നിവരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ പാർക്കിങ് മൈതാനത്ത് വാഹനങ്ങളിൽനിന്ന് പണപ്പിരിവ് നടത്തി എന്നതടക്കം ആരോപണങ്ങളാണ് മനോജ് മാത്യുവിന്‍റെ സസ്പെൻഷനിലേക്കെത്തിച്ചത്. പണം വാങ്ങി മണൽക്കടത്തിന് ഒത്താശ ചെയ്തെന്ന പരാതി അന്വേഷിച്ച് വിജിലൻസ് ഡയറക്ടർ നടപടിക്ക് ശിപാർശ ചെയ്ത സാഹചര്യത്തിലാണ് ബിജിയുടെ സസ്പെൻഷൻ. 2020 ൽ കുറവിലങ്ങാട് സ്റ്റേഷനിൽ ജോലിചെയ്യുമ്പോഴായിരുന്നു സംഭവം.

Tags:    
News Summary - Suspension of ASI and women policemen who clashed at the station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.