മുംബൈ: കാമുകന്റെ ഭാര്യയെ ക്വട്ടേഷൻ ടീമിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ അധ്യാപിക അറസ്റ്റിൽ. ഫേസ്ബുക്കിലൂടെ കണ്ടുപിടിച്ച ക്വട്ടേഷൻ ടീമിന് മൂന്ന് ലക്ഷം രൂപ നൽകിയാണ് കൊല നടത്തിയത്.
കഴിഞ്ഞയാഴ്ചയാണ് പൻവേൽ റെയിൽവേ സ്റ്റേഷന് പുറത്ത് 29 കാരിയായ ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് പ്രിയങ്ക റാവത്ത് കൊല്ലപ്പെട്ടത്. കേസിൽ സ്വകാര്യ ട്യൂട്ടോറിയൽ സെന്ററിലെ അധ്യാപിക നികിത മത്കർ (24) തിങ്കളാഴ്ച അറസ്റ്റിലായി. സംഭവത്തിൽ നികിത മത്കറിനെ കൂടാതെ കാമുകനും പ്രിയങ്കയുടെ ഭർത്താവുമായ ദേവവ്രത് സിങ് റാവത്തും (32) കൊലയാളികളും അടക്കം ആറ് പേരാണ് അറസ്റ്റിലായത്.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് രണ്ട് മാസത്തോളമായി ഇന്റർനെറ്റിൽ കരാർ കൊലയാളികളെ തിരഞ്ഞ വിവരം പുറത്തുവന്നത്. നികിതയുടെ കമ്പ്യൂട്ടറിലെ സെർച്ച് ഹിസ്റ്ററിയും ഇതിന് തെളിവായി പൊലീസ് കണ്ടെടുത്തു.
കംപ്യൂട്ടർ എഞ്ചിനീയറായ പ്രിയങ്കയും ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദമുള്ള ഭർത്താവ് ദേവവ്രത് സിങ്ങും നാല് വർഷം വിവാഹിതരായത്. നെമാട്രിമോണിയൽ സൈറ്റ് വഴിയാണ് മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. അതിനിടെ, ഈ വർഷം തുടക്കത്തിൽ ദേവവ്രത് സിങ്ങും നികിത മത്കറും പ്രണയത്തിലായി. ആഗസ്റ്റിൽ ഇരുവരും ഒരു ക്ഷേത്രത്തിൽ വച്ച് രഹസ്യമായി വിവാഹിതരാവുകയും ചെയ്തുവത്രെ. ഭർത്താവിന്റെ അവിഹിത ബന്ധത്തെ കുറിച്ച് അറിഞ്ഞ പ്രിയങ്ക റാവത്ത്, നികിതയോട് ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതയായാണ് നികിത കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് ടെക്കിയായ പ്രിയങ്കയെ മൂന്നംഗ വാടകക്കൊലയാളികൾ കഴുത്തറുത്തു കൊന്നത്. സംഭവത്തിൽ നികിത ജോലി ചെയ്തിരുന്ന മാൻഖുർദിലെ സ്വകാര്യ ട്യൂട്ടോറിയൽ നടത്തുന്ന പ്രവീൺ ഗാഡ്‌ഗെ (45), ക്വട്ടേഷൻ സംഘാംഗങ്ങളായ പങ്കജ് നരേന്ദ്ര കുമാർ യാദവ് (26). ), ദീപക് ദിനകർ ചോഖണ്ഡേ (25), റാവത്ത് രാജു സോനോൻ (22) എന്നിവരും പിടിയിലായി. പ്രതികളെ വ്യാഴാഴ്ച വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശിവരാജ് പാട്ടീൽ പറഞ്ഞു.
രണ്ട് മാസത്തോളമായി നികിത മത്കർ ഇൻറർനെറ്റിൽ വാടക കൊലയാളികളെ തിരഞ്ഞിരുന്നു. എന്നാൽ, ഗൂഗിളിൽ തിരഞ്ഞിട്ട് ആരെയും കണ്ടെത്താനാകാതെ വന്നപ്പോൾ ഫേസ്ബുക്കിലും തിരഞ്ഞു. അങ്ങനെയാണ് കൊലപാതകസംഘത്തെ കണ്ടെത്തിയത്. സംഭവത്തിൽ താൻ പിടിക്കപ്പെടുമെന്ന് കരുതിയില്ലെന്ന് നികിത പൊലീസിനോട് പറഞ്ഞു. എന്നാൽ, ഗൂഗിളിലെ സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാൻ വിട്ടുപോയത് കുരുക്കാകുകയായിരുന്നു.
ട്യൂഷൻ സെന്റർ ഉടമ പ്രവീൺ ഗാഡ്‌ഗെയുടെ സഹായത്തോടെയാണ് ഗുണ്ടാസംഘങ്ങളെ ഫോണിൽ ബന്ധപ്പെട്ടത്. ആവശ്യപ്പെട്ട 3 ലക്ഷം രൂപയിൽ 2 ലക്ഷം രൂപ ആദ്യം കൈമാറി. സെപ്റ്റംബർ 15 ന് മൂന്ന് കൊലയാളികളും ഗാഡ്‌ഗെയും താനെയിൽ നിന്ന് ലോക്കൽ ട്രെയിനിൽ പ്രിയങ്കയെ പിന്തുടർന്നാണ് റെയിൽവെ സ്റ്റേഷന് പുറത്ത് വെച്ച് കൃത്യം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.