പെരിന്തൽമണ്ണ: ടൗണിൽ പട്ടാമ്പി റോഡിലെ വെള്ളാട്ട് പുത്തൂർ ക്ഷേത്രത്തിലെ ഭണ്ഡാരവും ഓഫിസ് റൂമും കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പാലക്കാട് വടക്കാഞ്ചേരി സ്വദേശി മാടവന വീട്ടിൽ വിശ്വനാഥൻ എന്ന മംഗലം ഡാം വിശ്വനാഥനെ (48) സ്ഥലത്തെത്തിച്ച് തെളിവെടുത്തു. മറ്റൊരു കേസിൽ അറസ്റ്റിലായ ഇയാളെ പെരിന്തൽമണ്ണ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
ഏപ്രിൽ 13ന് രാത്രി വെള്ളാട്ട് പുത്തൂർ ക്ഷേത്ര ഭണ്ഡാരം തകർത്തും ക്ഷേത്ര ഓഫിസ് റൂം പൊളിച്ചും അകത്തു കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 33,000 രൂപ പ്രതി മോഷ്ടിച്ചു കൊണ്ടുപോയിരുന്നു. ക്ഷേത്ര കമ്മിറ്റി നൽകിയ പരാതി പ്രകാരം പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ മോഷണ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച വിശ്വനാഥനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് പെരിന്തൽമണ്ണയിലെ മോഷണ കേസിനടക്കം തുമ്പായത്. ആലത്തൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ പെരിന്തൽമണ്ണയിലെ കേസിൽ കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പിനെത്തിച്ചത്.
കവർച്ച നടത്തിയ രീതികൾ പ്രതി പൊലീസിനോട് വിവരിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിൽ കേസുകളിൽ ഇയാൾ പ്രതിയാണ്. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ എസ്.ഐ അലിയുടെ നേത്വത്തിൽ എ.എസ്.ഐ എം.എസ്. രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ കൈലാസ്, ഷജീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.