ചാരുംമൂട്: ചൊവ്വാഴ്ച രാവിലെ താമരക്കുളം ഗ്രാമം കേട്ടത് ഭിന്നശേഷിക്കാരായ മക്കളെയും അമ്മയെയും വീട്ടിൽ കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെന്ന വാർത്തയായിരുന്നു. കിഴക്കേമുറി പച്ചക്കാട് കലാഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കൾ കലമോൾ (33), മീനുമോൾ ( 32 )എന്നിവർ മരിച്ചത് നാട്ടുകാർക്ക് ഉൾക്കൊള്ളാനായിട്ടില്ല. മക്കളെയും അമ്മയെയും കുറിച്ച് നാട്ടുകാർക്ക് നല്ലതുമാത്രമാണ് പറയാനുള്ളത്.
ചൊവ്വാഴ്ച രാവിലെ 8.30 ഓടെ പ്രസന്നയുടെ സഹോദരി സുജാത തൊഴിലുറപ്പ് ജോലിക്കായി പോകുന്നതിനിടയിലാണ് പ്രസന്നക്കും മക്കൾക്കുമുള്ള പ്രഭാത ഭക്ഷണവുമായി ഈ വീട്ടിലെത്തിയത്. ജനൽ ചില്ലുകൾ പൊട്ടിയതും ഭിത്തിയിൽ കരിപുരണ്ടതും കണ്ട സുജാത വാതിൽ തുറന്നപ്പോഴാണ് മൂവരെയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. രണ്ടു പേരെ രണ്ടു കട്ടിലിലും ഒരാളെ തറയിലും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടത്. കട്ടിലുകളും മുറിയിലുണ്ടായിരുന്ന ഫർണിച്ചറുകളും പൂർണമായും കത്തിയനിലയിലായിരുന്നു. മുറിയുടെ ജനാലകളും ഗ്രില്ലുകളും തകർന്ന നിലയിലാണ്. നാട്ടുകാരെത്തി അധികൃതരെ അറിയിക്കുകയായിരുന്നു.
ഭിന്നശേഷിക്കാരായ മക്കൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് ശശിധരൻ പിള്ളയും ഭാര്യ പ്രസന്നയും. സംഭവം നടക്കുമ്പോൾ വെരിക്കോസ് വെയിൻ ചികിത്സയുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിലായിരുന്ന ശശിധരൻ പിള്ള ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്നു. പ്രസന്ന തൊഴിലുറപ്പ് തൊഴിലിന് പോയും പശുവളർത്തിയുമാണ് കുടുംബം നോക്കിയിരുന്നത്. രണ്ടു മക്കളെ അടുത്തുള്ള ബഡ്സ് സ്കൂളിൽ ചേർത്തിരുന്നു.
സംഭവമറിഞ്ഞ് വീട്ടിൽ എത്തി എന്തു ചെയ്യണമെന്നറിയാതെ തളർന്നിരിക്കുന്ന ശശിധരൻ പിള്ളയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും നാട്ടുകാർക്കുമായില്ല. മക്കളുടെ ശാരീരിക ബുദ്ധിമുട്ടുകളും ഭർത്താവിന്റെ രോഗവുമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. പച്ചക്കാട് സ്വദേശിയായ യുവാവ് സിനിമ കഴിഞ്ഞ് രാത്രി 12 ഓടെ സമീപത്തുള്ള റോഡിലൂടെ പോകുമ്പോൾ മാംസം കരിയുന്ന ഗന്ധം അനുഭവപ്പെട്ടതായി പറയുന്നു.
സംഭവം അറിഞ്ഞ് പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ രണ്ട് മണിയോടെ മോർച്ചറിയിലേക്ക് മാറ്റി.
ജില്ല പൊലീസ് മേധാവി ജി. ജയദേവ്, എസ്.പി. ട്രെയിനി ടി.ഫ്രാഷ്, ഡിവൈ.എസ്.പി ഡോ.വി.ആർ.ജോസ്, സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സാബു, സി.ഐ വി. ആർ. ജഗദീഷ്, എസ്.ഐ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി.
എം.എസ്. അരുൺ കുമാർ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, വൈസ് പ്രസിഡന്റ് സിനു ഖാൻ, പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശോഭ സജി, ദീപ, തഹസിൽദാർ എസ്, സന്തോഷ് കുമാർ, ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത, ജി. രാജമ്മ, ബി.ബിനു തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലയിൽ നിരവധി പേർ സ്ഥലത്തെത്തിയിരുന്നു.
ആദ്യമെത്തിയത് പ്രസന്നയുടെ ചേച്ചി
ചാരുംമൂട്: അമ്മയും പെൺമക്കളും കത്തിക്കരിഞ്ഞ വീട്ടിലേക്ക് ആദ്യമെത്തിയത് മരണപ്പെട്ട പ്രസന്നകുമാരിയുടെ ചേച്ചി സുജാതയായിരുന്നു. തൊട്ടടുത്താണ് സുജാത താമസിക്കുന്നത്. കലമോൾക്കും മീനുമോൾക്കും മിക്കദിവസവും രാവിലെ കാപ്പി എത്തിക്കുന്നത് സുജാതയായിരുന്നു. വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന കിടപ്പുമുറിയുടെ ജനാല കത്തിക്കരിഞ്ഞ് ചില്ലുകൾ പൊട്ടി കിടക്കുന്നതും പുക ഉയരുന്നതും കണ്ടതോടെ ജനലിലൂടെ നോക്കുമ്പോഴാണ് ഇരുണ്ട വെളിച്ചത്തിൽ മൃതദേഹങ്ങൾ കാണുന്നത്. വിവരം അറിഞ്ഞ് പഞ്ചായത്ത് അംഗം ശോഭ സജിയും അയൽവാസികളും മറ്റും സ്ഥലത്തെത്തി. പ്രധാന വാതിലിന്റെ മുന്നിലുള്ള ഗ്രില്ലിന്റെ കൊളുത്ത് ഇട്ടിരുന്നെങ്കിലും വാതിലിലെ കുറ്റിയിട്ടിരുന്നില്ല. വാതിൽ തള്ളിയതോടെ തുറക്കുകയും ചെയ്തു.തലേ ദിവസം വൈകീട്ടും സുജാത ഇവിടെയെത്തി അനുജത്തിയെയും മക്കളെയും കണ്ടിരുന്നു.അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്ന് സുജാത പറഞ്ഞു. മക്കളുടെ കാര്യങ്ങൾക്കൊപ്പം ഭർത്താവിനെ പരിചരിക്കാനും പ്രസന്നകുമാരി ഓട്ടത്തിലായിരുന്നുവെന്നും സുജാത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.