എടവണ്ണ (മലപ്പുറം): കഴിഞ്ഞ ദിവസം യുവാവ് തീപൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസികളായ സ്ത്രീകൾക്കെതിരെ ആരോപണവുമായി നാട്ടുകാർ. അയൽവാസികളായ സ്ത്രീകൾ വഴിത്തർക്കത്തെത്തുടർന്ന് തീ കൊളുത്തിക്കൊന്നതാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച സാജിദ് എന്ന ഷാജിയുടെ അയൽവാസികളായ രണ്ട് സ്ത്രീകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ആദ്യം യുവാവിന്‍റേത് ആത്മഹത്യയാണെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ, കൊലപാതകമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഷാജിയെ തീകകൊളുത്തുന്നത് കണ്ടെന്ന് അയൽവാസിയായ ഒരാൾ പ്രാദേശിക മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് ഹോട്ടൽ തൊഴിലാളിയായ സാജിദ് എന്ന ഷാജിയെ (45) തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വീടിന് പിന്നിലായി ഇയാളെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ തീ അണച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേസിൽ പൊലീസ് കാര്യക്ഷമമായി നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തുണ്ട്. ഷാജിയെ മണ്ണെണ്ണയൊഴിച്ച് അയൽവാസിയായ സ്ത്രീ തീ കൊളുത്തുന്നത് കണ്ടെന്ന് അയൽവാസിയായ ഒരാൾ പറഞ്ഞിട്ടും പൊലീസ് ഇത് മുഖവിലക്കെടുത്തില്ലെന്നാണ് ആക്ഷേപം. ഇൗ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. എടവണ്ണ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും, കേസിൽ ഉന്നതതല അന്വേഷണം വേണമെന്നും സ്ഥലം സന്ദർശിച്ച പി.കെ ബഷീർ എം.എൽ.എ ആവശ്യപ്പെട്ടു.
സംഭവത്തിൽ പൊലീസിനെതിരെ കടുത്ത ആരോപണങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്. ഷാജി മരിച്ച വിവരം അറിയിച്ചപ്പോൾ സ്റ്റേഷനിൽ വാഹനമില്ലെന്നും അവിടെ ആകെ രണ്ട് പൊലീസുകാരേ ഉള്ളൂവെന്നുമാണത്രെ പൊലീസ് സ്റ്റേഷനിൽ നിന്ന് മറുപടി കിട്ടിയത്. ഏറെ വൈകി സ്ഥലത്തെത്തിയ പൊലീസ് മരിച്ചയാളുടെ ഭാര്യയോടും മകളോടും മോശമായാണ് പെരുമാറിയതെന്നും നാട്ടുകാർ പറയുന്നു. മരിച്ചയാളുടെ ഭാര്യയോടും മകളോടും രാത്രിയോടെ തന്നെ പൊലീസ് സ്റ്റേഷനിൽ വന്ന് മൊഴി നൽകാനാണ് പൊലീസ് ആവശ്യപ്പെട്ടത്. അതല്ലെങ്കിൽ സ്ഥിതി വഷളാവുമെന്ന് പൊലീസ് അവരെ ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ പറയുന്നു.
സാജിദിന്‍റെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്‍മോർട്ടത്തിനായി മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
റസീനയാണ് മരിച്ച ഷാജിയുടെ ഭാര്യ. മക്കൾ: അമൽ ഹുദ, റിസ്‍വാൻ, സവാഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.