മ​റു​നാ​ട​ൻ തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ

പ്രതി ല​ഖാ​ന്ത്ര സാ​ഹി​ൻ (ഇടത്​ നിന്ന്​ രണ്ടാമത്​)

പൊലീസുകാർക്കൊപ്പം

മറുനാടൻ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

വിഴിഞ്ഞം: ഉച്ചക്കടയിലെ ലേബർക്യാമ്പിൽ മറുനാടൻ തൊഴിലാളിയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വിഴിഞ്ഞം പൊലീസ് ഝാർഖണ്ഡിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.

ഝാർഖണ്ഡിലെ ബാൽബദ്ധ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ താമസക്കാരനായ ലഖാന്ത്ര സാഹിൻ (44) ആണ് അറസ്റ്റിലായത്. ഝാർഖണ്ഡ് സ്വദേശിയായ കന്താ ലൊഹ്‌റയെയാണ് (36) അടിപിടിക്കിടെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചത്. ഇക്കഴിഞ്ഞ 17ന് രാത്രിയാണ് സംഭവം.

ഗുരുതര പരിക്കേറ്റ കന്താ ലൊഹ്‌റയെ പ്രതിയും ക്യാമ്പിലെ മറ്റൊരു മറുനാടൻ തൊഴിലാളിയായ സുനിലും ആദ്യം പയറുംമൂടുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ, പിറ്റേന്ന് രാവിലെ മരിച്ചു.

മരണവിവരമറിഞ്ഞ പ്രതിയും സുഹൃത്തും വൈകീട്ടോടെ കേരളം വിട്ടു. പ്രതി മെഡിക്കൽ കോളജ് ആശുപത്രിയിൽ തെറ്റായ മേൽവിലാസം നൽകിയതിനാൽ വിഴിഞ്ഞം പൊലീസും വിവരമറിയാൻ വൈകി. പ്രതി നാട്ടിലെത്തിയതായി മനസ്സിലാക്കിയ വിഴിഞ്ഞം പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഝാർഖണ്ഡിലെത്തി ബാൽബദ്ദ പൊലീസിന്‍റെ സഹായത്തോടെ പ്രതിയുടെ വീട് കണ്ടെത്തി.

തുടർന്ന്, ദ്രുത കർമ സേനയുടെ സഹായത്തോടെ വീടുവളഞ്ഞ സമയത്ത് ഗ്രാമവാസികളിലൊരു വിഭാഗം പ്രതിയെ കൊണ്ടുപോകുന്നത് തടഞ്ഞെങ്കിലും ഝാർഖണ്ഡ് പൊലീസ് കൂടുതൽ സേനയെ വരുത്തി പ്രതിയെ വീട്ടിനുള്ളിൽനിന്ന് പിടികൂടുകയായിരുന്നു.

തുടർന്ന്, പ്രതിയെ വിഴിഞ്ഞം പൊലീസിന് കൈമാറി. വിഴിഞ്ഞത്തെ എസ്.ഐമാരായ ജി.വിനോദ്, ദിനേശ്, സീനിയർ സി.പി.ഒ ഷിനു, സി.പി.ഒമാരായ രാമു, ഷിബു എന്നിവരുൾപ്പെട്ട അഞ്ചംഗ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ രണ്ടു ദിവസത്തിനുള്ളിൽ വിഴിഞ്ഞത്ത് എത്തിക്കുമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

Tags:    
News Summary - The accused in the case of murder of migrant worker arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.