യുവാവ് സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതായി നടി പ്രവീണ. തന്റെയും മകളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി സമൂഹ മാധ്യമങ്ങളിലൂടെ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും അയച്ചു നൽകുകയാണെന്നും തന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണെന്നും പ്രവീണ പറയുന്നു.
വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ഒരു വർഷം മുൻപ് പ്രവീണ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തെ തുടർന്ന് പോലീസ് തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജിനെ(23) അറസ്റ്റു ചെയ്‌തു. തന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഡൗൺലോഡ് ചെയ്ത് മോർഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാർക്കും സൂഹൃത്തുക്കൾക്കും അയച്ചു നൽകുന്നു എന്നയിരുന്നു പരാതി.
തുടർന്ന് ഇതിനായി നാലംഗ സംഘം പൊലീസ് ടീം ഡെൽഹിയിലെത്തി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്ടോപ്പിൽ നിന്നും മോർഫ് ചെയ്ത് നിരവധി ചിത്രങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് വഞ്ചിയൂർ കോടതി മൂന്ന് മാസത്തേക്ക് റിമാൻഡ് ചെയ്ത ഇയാൾ ഒരു മാസം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ജാമ്യത്തിലിറങ്ങിയിരുന്നു.
എന്നാൽ അതിന് ശേഷം ഇയാൾ കൂടുതൽ വൈരാഗ്യ ബുദ്ധിയോടെ തന്നെ ദ്രോഹിക്കുകയാണ് എന്ന് പ്രവീണ പറയുന്നു. ഒരു വർഷത്തോളം നിരന്തരം പരാതി നൽകിയിരുന്നു എങ്കിലും ഇതുവരെ നടപടി ആയിട്ടില്ല. തന്നെ ദ്രോഹിക്കാനായി മകളുടെ ചിത്രവും ഇത്തരത്തിൽ പ്രചരിപ്പിക്കുന്നതായി പ്രവീണ പറയുന്നു. നടിയുടെ മകളും സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഭാഗ്യരാജിനെതിരെ സൈബർ ബുള്ളിയിങ്ങിനും സ്റ്റോക്കിങ്ങിനും കേസെടുത്തിട്ടുണ്ടെന്നും നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ് എന്നും തിരുവനന്തപുരം സൈബർ പൊലീസ് ഇൻസ്പെക്ടർ കെ.എൽ. സിജു പറഞ്ഞു. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമുക്കുകയാണ്.
'ഒരുതരം ഹരം പോലെയാണ് അവനിത്. അവൻ എന്തിനാണ് ഇങ്ങനെ കാണിക്കുന്നതെന്ന് എനിക്കറിയില്ല. ഒരിക്കൽപോലും അയാളെ ഞാൻ കണ്ടിട്ടില്ല. എന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അവനെ പിടിച്ചപ്പോഴാണ് അയാൾ ആരാണെന്നുപോലും അറിയുന്നത്. വീട്ടുകാർക്ക് വിവരം അറിയുന്നത് കൊണ്ട് കുഴപ്പമില്ല. എങ്കിലും സാധാരണക്കാർ ഒരിക്കലെങ്കിലും സംശയിച്ചുപോകില്ലെ. മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ’-പ്രവീണ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.