ചണ്ഡീഗഡ്: മൂന്ന് ദിവസം മുമ്പ് കാണാതായ 21കാരിയെ അയൽവാസിയുടെ പൂട്ടിയിട്ട മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
സംഭവത്തിൽ യുവതിയുടെ അയൽവാസിയായ വിശ്വനാഥിനെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. പെൺകുട്ടിയെ കാണാതായ ഒക്‌ടോബർ 30-ന് പിതാവിനെ ജലന്ധർ ബൈപ്പാസിലേക്ക് പ്രതി കൊണ്ടു പോയിരുന്നു. ജോലി കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞാണ് പിതാവിനെ പ്രതി കൊണ്ടുപോയത്. സേലം താബ്രിക്ക് സമീപം പിതാവിനോട് കാത്തിരിക്കാൻ പറഞ്ഞ് വിശ്വനാഥൻ തിരികെ പോയി. മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും വിശ്വനാഥൻ വരാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ വിശ്വനാഥന്റെ മുറി പൂട്ടിയ നിലയിൽ ആയിരുന്നുവെന്നും പിതാവ് പറഞ്ഞു.
യുവതി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടോ എന്ന് പൊലീസിന് സംശയമുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ആസാദ് നഗറിൽ നാല് പെൺമക്കൾക്കും ഒരു മകനുമൊപ്പം വാടകയ്ക്ക് താമസിക്കുകയാണെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. ഇവരുടെ മുറിയ്ക്ക് അടുത്ത് തന്നെയാണ് പ്രതി വിശ്വനാഥും താമസിച്ചിരുന്നത്. ഫഗ്വാരയിലെ ഒരു ട്രാൻസ്പോർട്ട് കമ്പനിയിലെ ജീവനക്കാരനാണ് പ്രതി.
കൊലപാതക ശേഷം മുറി പൂട്ടി മുറിയിലുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടന്നാണ് പൊലീസ് നൽകുന്ന വിവരം. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമെ മരണ കാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.