നേമം: തിരുവനന്തപുരം നെയ്യാർ ഡാം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കള്ളിക്കാട് പറമ്പില്‍ വീട്ടില്‍ സുനിലിനെ ബൈക്കിലെത്തി ആക്രമിച്ച കേസില്‍ നാലാം പ്രതി പിടിയില്‍. കള്ളിക്കാട് പെരിഞ്ഞാംകടവ് ദേവികൃപയില്‍ ഉണ്ണിക്കണ്ണന്‍ എന്നു വിളിക്കുന്ന ആദിത്യന്‍ (21) ആണ് പിടിയിലായത്. ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ആദിത്യനെതിരെയുള്ളത്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. പേയാടുള്ള സഹോദരിയുടെ വീട്ടിലെത്തിയ ശേഷം തിരികെ കരമനയിലേക്ക് പോകുംവഴി കുന്നംപുറം തടിമില്ലിന് സമീപമായിരുന്നു ആക്രമണം. സുനിലിനൊപ്പം ബൈക്കില്‍ സഹോദരി ബീനയും ഉണ്ടായിരുന്നു.
കൈക്കും തുടയ്ക്കും പരിക്കേറ്റ സുനിലിനെ ആദ്യം വിളപ്പില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുനിലിന് അടിയന്തര ശസ്ത്രക്രിയ നടത്തുകയുണ്ടായി.
അതേസമയം, ബൈക്കിലെത്തി ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. കാട്ടാക്കടയില്‍ നിലനിന്ന സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് സുനിലിന് നേരെയുള്ള ആക്രമണം.
കാട്ടാക്കട ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നിര്‍ദേശ പ്രകാരം വിളപ്പില്‍ശാല പൊലീസാണ് ആദിത്യനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.