കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അധിക സാക്ഷികളുടെ വിസ്താരത്തിന് ഹൈകോടതി 10 ദിവസം കൂടി സമയം നൽകി. വ്യാഴാഴ്ച മുതൽ 10 ദിവസത്തിനകം അഞ്ച് അധിക സാക്ഷികളുടെ വിസ്താരവും പൂർത്തിയാക്കണമെന്നാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ബെഞ്ച് നിർദേശിച്ചത്.
ഈ കേസിൽ ബി.എസ്.എൻ.എൽ നോഡൽ ഓഫിസർ സത്യമൂർത്തി, നിലീഷ, കണ്ണദാസൻ, ഡി. സുരേഷ്, ഉഷ എന്നിവരെ അഡീഷനൽ സാക്ഷികളായി വിസ്തരിക്കണമെന്ന ആവശ്യം വിചാരണകോടതി തള്ളിയതിനെതിരെ പ്രോസിക്യൂഷൻ നേരത്തേ ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഈ സാക്ഷികളെ 10 ദിവസത്തിനകം വിസ്തരിക്കാൻ ഹൈകോടതി ജനുവരി 17ന് അനുമതിയും നൽകിയിരുന്നു. എന്നാൽ, ഇവരിൽ ചില സാക്ഷികൾ കേരളത്തിന് പുറത്താണെന്നും ഇവർക്ക് സമൻസ് നൽകി കോടതിയിൽ എത്തിക്കാൻ കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വീണ്ടും ഹൈകോടതിയെ സമീപിച്ചു.
അഞ്ച് അഡീഷനൽ സാക്ഷികളിൽ മൂന്നുപേരെ ഇതിനകം വിചാരണകോടതി വിസ്തരിച്ചു. ശേഷിക്കുന്ന രണ്ടുപേർക്ക് സമൻസ് നൽകാൻ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വിശദീകരിച്ചു. തുടർന്നാണ് 10 ദിവസംകൂടി അനുവദിച്ചത്. 10 ദിവസത്തിനകം ഇവരുടെ സാക്ഷിവിസ്താരം പൂർത്തിയാക്കുന്നുണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ഉറപ്പാക്കണമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.
കേസിലെ തുടരന്വേഷണം പൂർത്തിയാകുന്നതുവരെ അഡീഷനൽ സാക്ഷികളുടെ വിസ്താരം നീട്ടിവെക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇത് ഹൈകോടതി അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.