കൊച്ചി: സർക്കാർ ജോലിക്കായി നടത്തുന്ന തട്ടിപ്പുകൾ അംഗീകരിക്കാനാകില്ലെന്ന് ഹൈകോടതി. വി.എസ്.എസ്.സിയിൽ ടെക്‌നീഷൻ -ബി (ഫിറ്റർ) തസ്തികയിലേക്ക് നടത്തിയ എഴുത്തുപരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിലെ പ്രതി ഹരിയാന സ്വദേശി അമിത്തിന്‍റെ ജാമ്യഹരജി തള്ളിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്‍റെ നിരീക്ഷണം. വി.എസ്.എസ്.സിപോലെ തന്ത്രപ്രധാനമായ സ്ഥാപനത്തിലേക്കുള്ള മത്സരപരീക്ഷയിൽ നടന്ന ആൾമാറാട്ടം കർശനമായി നേരിടണമെന്നും കോടതി വ്യക്തമാക്കി.
ആഗസ്റ്റ് 20ന് തിരുവനന്തപുരം സെന്‍റ് ജോസഫ് സ്കൂളിൽ നടന്ന മത്സരപ്പരീക്ഷയിൽ അമിത് മറ്റൊരാൾക്കു വേണ്ടി ഹാജരായതിനെ തുടർന്ന് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ആഗസ്റ്റ് 22 മുതൽ ഇയാൾ കസ്റ്റഡിയിലാണ്. സമാനമായ കേസുകൾ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസിലും മ്യൂസിയം പൊലീസിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ, നിരപരാധിയാണെന്നും പരീക്ഷയെഴുതാനെത്തിയ സുഹൃത്തിനു കൂട്ടുവന്നതാണെന്നുമായിരുന്നു അമിത്തിന്‍റെ വാദം.
രാജ്യത്തിന്‍റെ അഭിമാനമായ സ്ഥാപനത്തിലേക്കുള്ള നിയമനത്തിൽ തട്ടിപ്പുനടത്തിയ പ്രതിയാണ് ഹരജിക്കാരനെന്നും ഇതരസംസ്ഥാനക്കാരനായ പ്രതിക്ക് ജാമ്യം നൽകിയാൽ ഒളിവിൽ പോകാനിടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് അന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. അമിത് പരീക്ഷാഹാളിൽ കടന്നതിനും മറ്റൊരാൾക്കുവേണ്ടി പരീക്ഷയെഴുതിയതിനും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നു വിലയിരുത്തിയ കോടതി തുടർന്ന് ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.