മുക്കം: പൊലീസ് സ്റ്റേഷൻ വളപ്പിൽനിന്ന് തൊണ്ടിമുതലായ മണ്ണുമാന്തിയന്ത്രം കടത്തിയ സംഭവത്തിൽ മുക്കം എസ്.ഐ നൗഷാദ് പ്രതിയായേക്കുമെന്ന് സൂചന. സംഭവദിവസം എസ്.ഐ ഫോൺ സ്വിച്ച് ഓഫാക്കി സ്റ്റേഷനിൽതന്നെ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല, സ്റ്റേഷനിൽനിന്ന് മണ്ണുമാന്തിയന്ത്രം കടത്തിയശേഷം എസ്.ഐ സ്വന്തം വീട്ടിലേക്കു പോയത് പ്രതികളിലൊരാളുടെ വാഹനത്തിലായിരുന്നെന്നും പറയുന്നു.
പ്രതിയുടെയും എസ്.ഐയുടെയും ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നാണ് കേസ് അന്വേഷിക്കുന്ന സംഘത്തിന് ഈ വിവരം ലഭിച്ചത്. ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ചതിൽ ഗുരുതര വീഴ്ചവരുത്തിയ എസ്.ഐ നൗഷാദ് സസ്പെൻഷനിലാണ്. അതിനിടെയാണ് കേസിൽ എസ്.ഐക്ക് നേരിട്ടുതന്നെ പങ്കുള്ളതായി തെളിവുകൾ പുറത്തുവരുന്നത്.കേസിൽ ഇനി ഒരാൾകൂടി പിടിയിലാകാനുണ്ട്. സംഭവത്തിൽ എസ്.ഐക്ക് നേരിട്ട് പങ്കുള്ളതായി വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ പൊലീസിനുള്ളിലും അമർഷം പുകയുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പേരും കേസിൽ പ്രതിയാവുമായിരുന്ന സാഹചര്യമാണ് എസ്.ഐ ഒരുക്കിയതെന്നാണ് പൊലീസുകാർ പറയുന്നത്.മറ്റു തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. അതേസമയം, മറ്റു പൊലീസുകാർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.