അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലഹരി നൽകി ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ ബാലാവകാശ കമീഷൻ ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തും. പൊലീസിനും സ്കൂൾ അധികൃതർക്കും സംഭവത്തിൽ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ ബന്ധുക്കൾ വിദ്യാഭ്യാസ മന്ത്രി, മനുഷ്യാവകാശ കമീഷൻ, ബാലാവകാശ കമീഷൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമീഷന്റെ നടപടി. ജില്ല വിദ്യാഭ്യാസ ഓഫിസർ, വടകര, ചോമ്പാല പൊലീസ് എസ്.എച്ച്.ഒ, സ്കൂൾ പ്രധാനാധ്യാപകൻ, പ്രിൻസിപ്പൽ, പി.ടി.എ കമ്മിറ്റി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജില്ല ശിശുക്ഷേമ ഓഫിസർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ തുടങ്ങിയവരിൽനിന്നാണ് ബാലാവകാശ കമീഷൻ തെളിവെടുപ്പ് നടത്തുന്നത്. ഇതുസംബന്ധിച്ച് നോട്ടീസ് ബന്ധപ്പെട്ടവർക്കയച്ചു. വാർത്തകളുടെയും മറ്റു പരാതികളുടെയും അടിസ്ഥാനത്തിലാണ് ബാലാവകാശ കമീഷൻ കേസെടുത്ത് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ബുധനാഴ്ച വിദ്യാർഥിനിയിൽനിന്നും അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷ ഉമ്മർ, ഗ്രാമപഞ്ചായത്ത് അംഗം എന്നിവരിൽനിന്നും ശിശുക്ഷേമ സമിതി മൊഴിയെടുത്തിരുന്നു. കുട്ടി പൂർണ ആരോഗ്യവതിയല്ലെന്ന കണ്ടെത്തലിൽ കൗൺസലിങ്ങും ചികിത്സയും ലഭ്യമാക്കി വീണ്ടും വിവരങ്ങൾ തേടാനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പറയുമ്പോഴും കേസിന്റെ പൊലീസിനു ജാഗ്രതയില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.