പ്രതി അരുൺ വരിക്കോലി, കൊല്ലപ്പെട്ട അഭിമന്യു

അഭിമന്യു കൊലക്കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി

കായംകുളം: ഉത്സവകെട്ടുകാഴ്ച കാണാനായി ക്ഷേത്രത്തിലെത്തിയ എസ്.എഫ്.െഎ പ്രവർത്തകനായിരുന്ന പത്താം ക്ലാസ് വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. വള്ളികുന്നം തറയിൽ കുറ്റിയിൽ അരുൺ വരിക്കോലിയാണ് (24) കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.

വള്ളികുന്നം അമൃത സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയായിരുന്ന പുത്തൻചന്ത കുറ്റിതെക്കതിൽ അമ്പിളികുമാറിന്‍റെ മകൻ അഭിമന്യുവിനെയാണ് (15) കൊല്ലപ്പെടുത്തിയത്. സപാഠിയായ പുത്തൻചന്ത മങ്ങാട്ട് ജയപ്രകാശിന്‍റെ മകൻ കാശിനാഥ് (15), സൃഹൃത്ത് നഗരൂർകുറ്റിയിൽ ശിവാനന്ദന്‍റെ മകൻ ആദർശ് (17) എന്നിവർക്കും കുത്തേറ്റിരുന്നു.

വള്ളികുന്നം പടയണിവട്ടം ക്ഷേത്രത്തിൽ കഴിഞ്ഞ ഏപ്രിൽ 14ന് രാത്രിയിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് പ്രവർത്തകരായ വള്ളികുന്നം കൊണ്ടോടിമുകൾ പുത്തൻപുരക്കൽ സജയ്ജിത്ത് (21), വള്ളികുന്നം ജ്യോതിഷ് ഭവനിൽ ജിഷ്ണു തമ്പി (26), കണ്ണമ്പള്ളി പടീറ്റതിൽ അരുൺ അച്യുതൻ (21), ഇലിപ്പക്കുളം െഎശ്വര്യയിൽ ആകാശ് പോപ്പി (20), വള്ളികുന്നം പള്ളിവിള ജംങ്ഷൻ പ്രസാദം വീട്ടിൽ പ്രണവ് (23), താമരക്കുളം കണ്ണനാകുഴി ഷീജ ഭവനത്തിൽ ഉണ്ണികൃഷ്ണൻ (ഉണ്ണിക്കുട്ടൻ -24) എന്നിവർ നേരത്തെ പിടിയിലായിരുന്നു.

അരുൺ വരിക്കോലി (24) കേസിൽ നാലാം പ്രതിയായിരുന്നു. സംഭവത്തിന്‍റെ 85 ദിവസം പൂർത്തിയാതോടെ മറ്റ് പ്രതികളെ ഉൾപ്പെടുത്തി കേസിൽ കുറ്റപത്രം നൽകിയിരുന്നു. അരുണിനെ പിടികൂടാൻ കഴിയാതിരുന്നത് രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായിരുന്നു. ഡി.വൈ.എഫ്.െഎക്കാരോട് ആർ.എസ്.എസ് അനുഭാവികൾക്കുണ്ടായ ശത്രുതയാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ വീടിന് നേരെ നേരത്തെ നടന്ന അക്രമങ്ങൾക്ക് പിന്നിൽ ആർ.എസ്.എസാണെന്ന് ആരോപണമുണ്ടായിരുന്നു. അഭിമന്യുവിന്‍റെ സഹോദരനും ഡി.വൈ.എഫ്.െഎ മേഖല ഭാരവാഹിയുമായ അനന്തുവിനോടുള്ള ശത്രുതയും കൊലപാതകത്തിന് വഴിതെളിച്ചതായി പൊലീസ് പറയുന്നു. കൊലപാതകം, കൊലപാതക ശ്രമം, അന്യായമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത 262 പേജുള്ള നേരത്തെ നൽകിയ കുറ്റപത്രത്തിൽ 114 സാക്ഷികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കീഴടങ്ങിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്നും സ്റ്റേഷൻ ഹൗസ് ഒാഫീസർ എം.എം. ഇഗ്നേഷ്യസ് പറഞ്ഞു.

Tags:    
News Summary - The main accused in the Abhimanyu murder case has surrendered in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.