ലഖ്‌നൗ: ഉത്തർപ്രദേശിലെ ശിവക്ഷേത്രത്തിൽ ഇറച്ചിക്കഷണം എറിഞ്ഞ് കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. 10,000 രൂപ നൽകി കശാപ്പുകാരനെക്കൊണ്ട് ഇറച്ചി എറിയിപ്പിച്ച ചഞ്ചൽ ത്രിപതിയാണ് അറസ്റ്റിലായത്.
ജൂലൈ 16ന് പുലർച്ചെ നാലിനാണ് കനൗജ് ജില്ലയിലുള്ള ടാൽഗ്രമിലെ റസൂലാബാദ് ഗ്രാമത്തിൽ ക്ഷേത്രത്തിൽ ഇറച്ചിക്കഷ്ണം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു. നിരവധി കടകളാണ് അഗ്നിക്കിരയായത്. തുടർന്ന് കശാപ്പുകാരനായ മൻസൂർ കാശായ് എന്നയാളെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. എന്നാൽ, ത്രിപതിയാണ് പണം വാഗ്ദാനം ചെയ്ത് ക്ഷേത്രത്തിൽ ഇറച്ചിയിടാൻ ഏൽപിച്ചതെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയതിന് പിന്നാലെ ചഞ്ചൽ ഒളിവിൽ പോയിരുന്നു.
അന്നത്തെ ടാൽഗ്രം പൊലീസ് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന ഹരിശ്യാം സിങ്ങിനോടുള്ള പകതീർക്കാനാണ് ചഞ്ചൽ ത്രിപതി ഇത് ആസൂത്രണം ചെയ്തതെന്ന് എസ്.പി കൻവാർ അനുപം സിങ് പറഞ്ഞു. ക്ഷേത്രത്തിൽ ഇറച്ചിയിട്ടാൽ കലാപമുണ്ടാകുമെന്നും ഹരിശ്യാമിന്റെ സ്ഥലംമാറ്റത്തിലേക്ക് ഇത് നയിക്കുമെന്നുമായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. സംഭവത്തിനു പിന്നാലെ ഹരിശ്യാം സിങ്ങിനെ സ്ഥലംമാറ്റിയിരുന്നു. അന്നത്തെ ജില്ല മജിസ്‌ട്രേറ്റ് രാകേഷ് കുമാർ മിശ്രക്കും എസ്.പിയായിരുന്ന രാജേഷ് ശ്രീവാസ്തവക്കും എതിരെയും നടപടിയുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 17 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.