അറസ്റ്റിലായ ഹാരിസ്

കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി നൽകിയതിന്​ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ

പൊന്നാനി: കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി നൽകിയതിന്​ യുവാവിനെ തട്ടിക്കൊണ്ടു പോയി നാല് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിലെ മുഖ്യ പ്രതി പിടിയില്‍. പാലക്കാട് കൂറ്റനാട് സ്വദേശി മാളിയേക്കൽ ഹാരിസ് (24)നെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞവർഷം മെയ് 9 നാണ് പൊന്നാനി സ്വദേശിയായ അമൽ ബഷീറിനെ തട്ടികൊണ്ട് പോയി മോചനദ്രവ്യം  ആവശ്യപ്പെട്ടത്. ഹാരിസും സംഘവും കഞ്ചാവ് വാങ്ങാനായി അമൽ ബഷീറിന് 45,000 രൂപ നൽകിയിരുന്നു. എന്നാൽ ഇയാൾ കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി നൽകുകയായിരുന്നു. ഇതിലെ പ്രതികാരമെന്നോണം സുഹൃത്തുക്കൾ  ഇയാളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അയിലക്കാട്ടെ ഇരുവരുടെയും സുഹൃത്തായ സൈനുദ്ദീൻ്റെ വീട്ടിലേക്കെന്ന് പറഞ്ഞ് കൊണ്ടു പോവുകയും, അയിലക്കാട് ചിറക്കലിൽ വെച്ച് കാറിലെത്തിയ സംഘം അമൽ ബഷീറിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടി കൊണ്ട്പോവുകയുമായിരുന്നു.

തുടർന്ന് ഒരു കിലോമീറ്റർ ദൂരെയുള്ള കാഞ്ഞിരത്താണി വട്ടക്കുന്നിൽ ആളൊഴിഞ്ഞ പ്രദേശത്തെത്തി ഷർട്ട് ഊരി മർദ്ദിക്കുകയും കത്തി കൊണ്ട് ദേഹമാസകലം മുറിവേൽപ്പിക്കുകയും, ഇയാളുടെ പേഴ്സിലുണ്ടായിരുന്ന 6000 രൂപ കൈക്കലാക്കുകയും ചെയ്തു. തുടർന്ന് വീട്ടിൽ വിളിച്ച് മോചനദ്രവ്യമായി 4 ലക്ഷം രൂപ ആവശ്യ പ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് പൊന്നാനി പൊലീസിൽ പരാതി നൽകി. പൊന്നാനി സി.ഐ. വിനോദ് വലിയാറ്റൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ എടപ്പാൾ അയിലക്കാട് സ്വദേശി നരിയൻ വളപ്പിൽ കിരണിനെ അറസ്റ്റ് ചെയ്തിരുന്നു 


Tags:    
News Summary - The main accused in the kidnapping case has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.