തിരുവനന്തപുരം: അന്തർസംസ്ഥാന കള്ളനോട്ട് സംഘത്തിലെ മുഖ്യകണ്ണികളിലൊരാൾ അറസ്റ്റിൽ. തിരുനെൽവേലി സ്വദേശി സഞ്ജയ് വർമയെയാണ് (47) ഞായറാഴ്ച പുലർച്ച കന്യാകുമാരിയിലെ ഹോട്ടലിൽനിന്ന് തമ്പാനൂർ പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ തമ്പാനൂർ, കഴക്കൂട്ടം, എറണാകുളം, തലശ്ശേരി സ്റ്റേഷനുകൾക്കുപുറമെ വിവിധ സംസ്ഥാനങ്ങളിലും നിരവധി കേസുകൾ ഉണ്ട്.
ടാക്സി ഡ്രൈവർമാരാണ് ഇയാളുടെ പ്രധാന ഇരകൾ. ഹോമിയോ ഡോക്ടർ എന്ന വ്യാജേന വിവിധ പേരുകളിൽ ഇന്ത്യയിലെ വിവിധ ആഡംബര ഹോട്ടലുകളിൽ താമസിക്കുകയാണ് പതിവ്. യാത്രക്കായി ഓൺലൈൻ ടാക്സികളാണ് വിളിക്കുക. ഗൂഗ്ൾപേയിലേക്ക് പണം ട്രാൻസ്ഫർ ചെയ്യിപ്പിച്ചശേഷം പകരം കള്ളനോട്ട് നൽകും. സ്വന്തമായാണ് കള്ളനോട്ടുകൾ അച്ചടിച്ചിരുന്നത്. തട്ടിച്ചെടുക്കുന്ന പണം ഗോവയിലെ കാസിനോവകളിൽ ചൂതുകളിക്കും ആഡംബരജീവിതത്തിനുമാണ് ഉപയോഗിച്ചിരുന്നത്.
ഈ രീതിയിൽ ഇയാൾ തമ്പാനൂരും കഴക്കൂട്ടത്തും എറണാകുളത്ത് പലയിടങ്ങളിലും കബളിപ്പിക്കൽ നടത്തി. സമാന കേസിൽ 2022ൽ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടലുകളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഒക്ടോബറിൽ തമ്പാനൂരിലെ ഹോട്ടലിലെത്തിയ ഇയാൾ ഹോട്ടലിൽ പണമടക്കാനെന്ന പേരിൽ ടാക്സി ഡ്രൈവറെക്കൊണ്ട് പതിനായിരം രൂപ ഹോട്ടലിലേക്ക് ഗൂഗിൾപേ ചെയ്യിച്ചു.
തുടർന്ന് ഡ്രൈവറുമായി മെഡിക്കൽ കോളജിനടുത്തേക്ക് പോവുകയും ചാർജായി കള്ളനോട്ട് നൽകി ഡ്രൈവറെ ഒഴിവാക്കുകയും ചെയ്തു. ശേഷം ഓട്ടോയിൽ ഹോട്ടലിലെത്തി മുറി വേണ്ടെന്നും അത്യാവശ്യമായി തിരികെപോകണമെന്നും പറഞ്ഞ് പണം തിരികെവാങ്ങി. തൊട്ടടുത്തദിവസം മെഡിക്കൽ കോളജിനടുത്ത ഹോട്ടലിൽ 2500 രൂപ കള്ളനോട്ട് നൽകി. ടാക്സിയിൽ കഴക്കൂട്ടത്തെ ബാറിലെത്തി ഡ്രൈവറെക്കൊണ്ട് ബെയററുടെ അക്കൗണ്ടിലേക്ക് 15,000 രൂപ അയപ്പിച്ചു. പകരം ഡ്രൈവർക്ക് കള്ളനോട്ട് നൽകി.
ശേഷം ബാക്കി ബിൽത്തുകയായ 13,000 രൂപ ബെയററിൽനിന്ന് വാങ്ങി.
തമ്പാനൂർ എസ്.എച്ച്.ഒ വി.എം. ശ്രീകുമാർ, എസ്.ഐ വിനോദ്, എ.എസ്.ഐ നാസർ, സിവിൽ പൊലീസ് ഓഫിസർമാരായ വിഷ്ണു, സാം ജോസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.