കരുനാഗപ്പള്ളി: മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്ന അന്തർജില്ല സംഘത്തിന് വ്യാജ ആധാര്‍ നിര്‍മിച്ചുനല്‍കിയയാള്‍ പിടിയില്‍. ഇടുക്കി പാറേല്‍ കവല ഉടുമ്പന്നൂര്‍ മനയ്ക്കമാലി അര്‍ഷല്‍ (28) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
മുക്കുപണ്ടം പണയംവെച്ച് വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് 3.71 ലക്ഷം രൂപ തട്ടിയ സംഘത്തിലെ അഞ്ചുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘത്തിന് വ്യാജ ആധാര്‍ കാര്‍ഡ് നിർമിച്ചുനല്‍കിയതിനാണ് അർഷലിനെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ മലപ്പുറത്ത് 50 ലക്ഷം രൂപ തട്ടിയെടുത്തതുൾപ്പെടെ 25ഓളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകള്‍ ജോലിക്കാരായുള്ള പണമിടപാട് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
പണയ സ്വര്‍ണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞ സ്ഥാപന ഉടമ നല്‍കിയ പരാതിയിൽ അന്വേഷണം നടത്തിയ കരുനാഗപ്പള്ളി പൊലീസ് തട്ടിപ്പ് സംഘത്തിലുള്‍പ്പെട്ട നിഷാദിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.
ഇയാളെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനമൊട്ടാകെ നിഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘം തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട എല്ലാവരും പിടിയിലായി.
ജില്ല പൊലീസ് മേധാവി മെറിന്‍ ജോസഫിന്‍റെ നിർദേശപ്രകാരം കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാര്‍, ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐമാരായ സുജാതന്‍ പിള്ള, കലാധരന്‍പിള്ള, എ.എസ്.ഐമാരായ ഷാജിമോന്‍, നിസാം, നന്ദകുമാര്‍, സി.പി.ഒമാരായ ഹാഷിം, ബഷീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.